ദുബൈ: ഇലന്തൂരില്‍ നടന്ന നരബലി നവോത്ഥാന കേരളത്തിനു അപമാനമാണെന്നും വിശ്വാസവൈകൃതങ്ങള്‍ക്കെതിരേ ശക്തമായ ജനകീയമുന്നേറ്റം വേണമെന്നും കെ.എന്‍.എം സംസ്ഥാന പ്രസിഡന്റ് ടി.പി അബ്ദുല്ല കോയ മദനി ആവശപ്പെട്ടു. ഡിസംബര്‍ 29,30,31 ജനുവരി ഒന്ന് തിയ്യതികളില്‍ കോഴിക്കോട് വെച്ചു നടക്കുന്ന മുജാഹിദ് പത്താം സംസ്ഥാന സമ്മേളനത്തിന്റെ യു.എ.ഇ തല പ്രചാരണോദ്ഘാടനം അല്‍ഖൂസ് അല്‍മനാര്‍ ഗ്രൗണ്ടില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. നിര്‍ഭയത്വണ് മതം അഭിമാനമാണ് മതേതരത്വം എന്ന പ്രമേയത്തിലാണ് ചതുര്‍ദിന മുജാഹിദ് സമ്മേളനം നടക്കുന്നത്. ക്ഷുദ്രചികിത്സയും ആഭിചാരക്രിയകളും അതിന്റെ പേരിലെ നരബലിയും കേരളം പിറകോട്ട് സഞ്ചരിക്കുന്നതിന്റെ സൂചനകളാണ്. മതം മറയാക്കി ആര്‍ത്തിപൂണ്ട മനുഷ്യര്‍ ചെയ്യുന്ന കൊടുംക്രൂരതകള്‍ ന്യായീകരിക്കാനാവില്ല. അന്ധവിശ്വാസങ്ങള്‍ക്കെതിരേ സമൂഹത്തില്‍ വലിയ ബോധവല്‍ക്കരണം നടക്കണം. നിയമങ്ങള്‍ കര്‍ശനമാക്കാന്‍ സര്‍ക്കാര്‍ ഭാഗത്ത് നിന്നും ഇടപെടല്‍ വേണം.മാധ്യമങ്ങളില്‍ നിന്നും ഇതുപോലുള്ള വാര്‍ത്തകള്‍ നീങ്ങുമ്പോള്‍ അധികാരികളും പിന്നോട്ടുപോകുന്നു. കുറ്റവാളികള്‍ രക്ഷപ്പെടാതിരിക്കാനുള്ള നിയമ നിര്‍മാണം നടക്കണം. നിയമം കൊണ്ടു മാത്രം സമൂഹത്തില്‍ പടര്‍ന്നു കയറുന്ന അത്യാചാരങ്ങള്‍ ഇല്ലാതാക്കാന്‍ കഴിയി ല്ലെന്ന കാര്യം ഓര്‍ക്കണമെന്നുംഅദ്ദേഹം പറഞ്ഞു.
അതിവേഗം വ്യാപിക്കുന്ന മയക്കുമരുന്ന് കച്ചവടവും അന്ധവിശ്വാസത്തിന്റെ പേരിലെ കൊലകളും തമ്മിലുള്ള ബന്ധവും വിശദമായി അന്വേഷിക്കണം. മതത്തിന്റെ പേരിലെ തട്ടിപ്പു കേന്ദ്രങ്ങള്‍ സര്‍വ്വതിന്മകളുടെയും കേന്ദ്രമായി മാറിയിരിക്കുന്നു. കേരളം പുറംതള്ളിയ അന്ധവിശ്വാസങ്ങളെ പുനരാനയിക്കാന്‍ ബോധപൂര്‍വ്വം നടക്കുന്ന ശ്രമം തടയാന്‍ സമൂഹം ഒറ്റക്കെട്ടായി നില്‍ക്കണമെന്നും അബ്ദുല്ല കോയ മദനി ആവശ്യപെട്ടു.
വര്‍ധിച്ചു വരുന്ന കൊടുംക്രൂരതകള്‍ സമൂഹത്തെ നിരാശയിലേക്കു തള്ളുകയാണ്. അത് മുന്നോട്ടുപോക്കിന് തടസ്സം നില്‍ക്കുകയാണെന്ന് മനസ്സിലാക്കണം. കേരളം നേടിയെടുത്ത എല്ലാ നേട്ടങ്ങളെയും വിഴുങ്ങുന്ന സാമൂഹിക തിന്മകള്‍ക്കെതിരെ കൂടുതല്‍ ജാഗ്രത വേണമെന്നും കെ എന്‍ എം സംസ്ഥാന പ്രസിഡന്റ് ടി പി അബ്ദുല്ല കോയ മദനി പറഞ്ഞു. എല്ലാ കാലത്തും അന്ധ വിശ്വാസങ്ങള്‍ ഉണ്ട്. കാലം പുരോഗമിക്കുമ്പോള്‍ അന്ധവിശ്വാസങ്ങളെ പുതിയ രൂപത്തില്‍ ആനയിക്കുകയാണ്. ദുരയും ലൈംഗികവൈകൃതങ്ങളുമാണ് ഇതിനെല്ലാം പിന്നിലെന്ന് തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു.
അന്ധവിശ്വാസങ്ങളും അത്യാചാരങ്ങളും സാമൂഹിക അന്തരീക്ഷം മലിനമാക്കുകയും ഭയപ്പെടുത്തുകയും ചെയ്യുകയാണെന്നു മുഖ്യ പ്രഭാഷണം നിര്‍വഹിച്ച കെ എന്‍ എം വൈസ് പ്രസിഡന്റ് ഡോ.ഹുസൈന്‍ മടവൂര്‍ അഭിപ്രായപ്പെട്ടു. മതം കൊണ്ട് മനുഷ്യരെ വിഭജിക്കുന്നവരെ തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു.മതം എല്ലാര്‍ക്കും സമാധാനം നല്‍കുന്നതാണ്. മതത്തെ തെറ്റായി വ്യാഖ്യാനിക്കുകയാണ് തീവ്രവാദികള്‍.മത ത്തിന്റെ മാനവിക മൂല്യങ്ങള്‍ സമൂഹത്തില്‍ ഉറക്കെ പറയണമെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയുടെ മതനിരപേക്ഷ സ്വഭാവം നിലനിര്‍ത്താനും സൗഹാര്‍ദ്ദം തിരിച്ചു പിടിക്കാനും ജാഗ്രതയോടെ നീങ്ങണമെന്നു പ്രഭാഷണം നിര്‍വഹിച്ച കെ എന്‍ എം സംസ്ഥാന സെക്രട്ടറി ഡോ.എ ഐ അബ്ദുല്‍ മജീദ് സ്വലാഹി പറഞ്ഞു.വര്‍ഗീയ ഫാഷിസ്റ്റ് ശക്തികളും ന്യുന പക്ഷങ്ങളുടെ പേരില്‍ പ്രത്യക്ഷപ്പെടുന്ന തീവ്രവാദി ഗ്രൂപ്പുകളും നാടിന്റെ സ്വാസ്ഥ്യം കെടുത്തുകയാണെന്നും അദ്ദേഹം പറഞ്ഞു. ഔഖാഫ് പ്രതിനിധികളായ ശൈഖ് അബ്ദുല്ല അബ്ദുല്‍ ജബ്ബാര്‍, ശൈഖ് അബ്ദുല്ല അലി, ഷംസുദ്ദീന്‍ മുഹിയുദ്ദീന്‍, അബ്ദുസ്സമദ് എ.പി, ഹുസ്സയിന്‍ പി.എ, അബ്ദുസ്സലാം മോങ്ങം, അബ്ദുല്ല പൊയില്‍, ഡോ. അബ്ദുസ്സലാം ഒലയാട്ടില്‍, അഡ്വ. മൊഹമ്മദ് അസ്ലം എന്നിവര്‍ പ്രസംഗിച്ചു. അബ്ദുല്‍ വാഹിദ് മയ്യേരി അധ്യക്ഷത വഹിച്ചു, ജാഫര്‍ സാദിഖ് സ്വാഗതവും സകരിയ വി കെ നന്ദിയും പറഞ്ഞു.