തിരുവനന്തപുരം: വി.സിമാര്‍ ഗവര്‍ണറുടെ രാജി ആവശ്യത്തിനെതിരേ നിയമപരമായി പോരാടണമെന്ന് സര്‍ക്കാര്‍. സ്വയംഭരണ സ്ഥാപനങ്ങളായതിനാല്‍ സര്‍വകലാശാലകള്‍ തന്നെയാവും ചാന്‍സിലര്‍ക്ക് എതിരെ നിയമവഴി തേടുക. കെ.ടി.യു വി.സി നിയമനം റദ്ദാക്കിയത് സുപ്രിംകോടതിയാണ്. അത് അംഗീകരിച്ച് ഡിജിറ്റല്‍ സര്‍വകലാശാല വിസിക്ക് പകരം ചുമതല നല്കാന് സര്‍ക്കാര്‍ ചാന്‍സിലര്‍ക്ക് ശുപാര്‍ശ നല്കി. ബാക്കിയുള്ള വി.സിമാര്‍ ആരും രാജിവെക്കേണ്ടതില്ലെന്നാണ് സര്‍ക്കാര്‍ നിര്‍ദേശം. നിലവിലെ സുപ്രീംകോടതി വിധി കെ.ടി.യു വി.സി നിയമന കാര്യത്തില്‍ മാത്രം ബാധകമെന്ന നിലപാടിലാണ് സര്‍ക്കാര്‍.
ഗവര്‍ണറുടേത് ഏകപക്ഷീയ നീക്കമാണെന്നും സര്‍ക്കാരിന് കൂച്ചു വിലങ്ങിടാനാണ് ശ്രമമെന്നും സര്‍ക്കാര്‍ വിലയിരുത്തിയിരുന്നു. യു.ജി.സി നിയമ പ്രകാരം ചാന്‍സിലര്‍ക്ക് വി.സിയെ പുറത്താക്കണമെങ്കില്‍ സ്വഭാവദൂഷ്യമോ സാമ്പത്തിക ക്രമക്കേടോ കണ്ടെത്തണം. അതിനാല്‍ രാജിവക്കില്ലെന്നാണ് കണ്ണൂര്‍ വി.സി ഗോപിനാഥ് രവീന്ദ്രന്റെ നിലപാട്. കേരള സര്‍വകലാശാല, എം.ജി സര്‍വകലാശാല, കുസാറ്റ്, കേരള ഫിഷറീസ് സര്‍വകലാശാല, കണ്ണൂര്‍ സര്‍വകലാശാല, എ.പി.ജെ അബ്ദുല്‍ കലാം സാങ്കേതിക സര്‍വകലാശാല, ശ്രീ ശങ്കരാചാര്യ സംസ്കൃത സര്‍വകലാശാല, കാലിക്കറ്റ് സര്‍വകലാശാല, മലയാളം സര്‍വകലാശാല വി.സിമാരോട് ഗവര്‍ണര്‍ രാജിയാവശ്യപ്പെട്ടിരിക്കുന്നത്.