കോഴിക്കോട്: കോവിഡ് വന്ന് മാറിയവരില്‍ കാണപ്പെടുന്ന പ്രയാസങ്ങള്‍ക്ക് ആയുര്‍വേദത്തില്‍ ഫലപ്രദമായ ചികിത്സയുണ്ടെന്ന് കോട്ടയ്ക്കല്‍ ആര്യവൈദ്യശാല സീനിയര്‍ ഫിസിഷ്യന്‍ ഡോ: ബബിത കുമാരി പറഞ്ഞു. ചിലര്‍ക്ക് കാണപ്പെടുന്ന തളര്‍ച്ച, അണുബാധ ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങള്‍, ഹൃദയത്തെയും ഉദരത്തെയും ബാധിക്കുന്ന പ്രശ്‌നങ്ങള്‍ക്ക് ആയുര്‍വേദം ചികിത്സ നിര്‍ദേശിക്കുന്നു. അസുഖം വന്ന് നശിച്ച കോശങ്ങളുടെ പുനരുജ്ജീവനത്തിനുതകുന്ന രസായന ചികിത്സ, ഔഷധകഞ്ഞി എന്നിവയിലൂടെയും ജീവിതശൈലി ചിട്ടപ്പെടുത്തുന്നതിലൂടെയും രോഗവിമുക്തി സാധ്യമാകുന്നുണ്ടെന്നവര്‍ കൂട്ടിച്ചേര്‍ത്തു. മാതൃഭൂമിയും കോട്ടയ്ക്കല്‍ ആര്യവൈദ്യശാലയും സംയുക്തമായി ദേശീയ ആയുര്‍വേദ ദിനത്തില്‍ സംഘടിപ്പിച്ച സെമിനാറില്‍ പ്രബന്ധം അവതരിപ്പിച്ച് സം സാരിക്കുകയായിരുന്നു അവര്‍.
ഭക്ഷണരീതി ക്രമീകരിക്കണം. വയറില്‍ പകുതി ഭക്ഷണവും കാല്‍ഭാഗം വെള്ളവും കാല്‍ഭാഗം ഒഴിച്ചിടുകയും വേണം. ഒരു ഭക്ഷണം കഴിഞ്ഞ് നാല് മണിക്കൂറിന്റെ ഇടവേളക്ക് ശേഷമാണ് ഭക്ഷണം കഴിക്കേണ്ടത്. രാത്രി ഭക്ഷണം നേരത്തെ കഴിക്കണം. പ്രാതല്‍ നന്നായി കഴിക്കുകയും നന്നായി ഉറങ്ങുകയും വേണം. ദിവസവും മൂന്ന് ലിറ്റര്‍ വെള്ളമെങ്കിലും കുടിക്കണം. ജീവിതശൈലി ചിട്ടപ്പെടുത്തുന്നതിലൂടെയും വീട്ടില്‍ത്തന്നെ ആയുര്‍വേദ ഉല്‍പ്പന്നങ്ങള്‍ വൈദ്യനിര്‍ദേശത്തോടെ ഉപയോഗിച്ചും ആരോഗ്യപൂര്‍ണമായി ജീവിതം തുടരാനാവുമെന്നവര്‍ പറഞ്ഞു.