കോഴിക്കോട്: രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം രൂപീകൃതമായ ഐക്യരാഷ്ട്രസഭയില്‍ തുടക്കത്തില്‍ 50 രാജ്യങ്ങളാണ് ഉണ്ടായിരുന്നത്. ഇന്ന് 195 രാജ്യങ്ങള്‍ അംഗങ്ങളാണെങ്കിലും ഉള്‍ക്കരുത്ത് കുറഞ്ഞിരിക്കുകയാണെന്ന് ഡോ: ആര്‍സു പറഞ്ഞു. പഞ്ചമഹാ ശക്തികള്‍ വീറ്റോ പവര്‍ നീതിരഹിതമായി ഉപയോഗിച്ചപ്പോള്‍ അതിന് മൂല്യശോഷണമുണ്ടായതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഗ്ലോബല്‍പീസ് ട്രസ്റ്റും സ്വാതി തിരുനാള്‍ കലാകേന്ദ്രവും സംയുക്തമായി ഐക്യരാഷ്ട്രസഭ രൂപീകരണ ദിനത്തില്‍ സംഘടിപ്പിച്ച സെമിനാറില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലോകസമാധാനം ഒരു മരീചികയായി നിലനില്‍ക്കുമ്പോള്‍ അതിനെ മരുപച്ചയാക്കാന്‍ കഴിയുന്ന എഴുത്തുകാരെയും ചിന്തകരെയുമാണ് കാലം ആവശ്യപ്പെടുന്നത്. ചന്ദ്രനില്‍ കാലുകുത്തിയിട്ടും നാം പ്രാകൃതമായി പലതും ചെയ്യുകയാണ്. ബുദ്ധിപരമായി വളര്‍ച്ചയുണ്ടായിട്ടുണ്ടെങ്കിലും ഡിജിറ്റലൈസേഷന്‍ മാനവികതയ്ക്ക് തേയ്മാനമുണ്ടാക്കുകയാണ്. പ്രകാശഗോപുരങ്ങളായ നേതാക്കളെയാണ് നമുക്കാവശ്യം. അല്ലാതെ പാട്ടവിളക്കുകളെയല്ല. അധികാരകേന്ദ്രങ്ങളിലിരുന്ന് വിഷം ചീറ്റുന്നവരല്ല മാനുഷികമായ ഉള്‍ക്കാഴ്ചയുള്ളവരാണ് നാടിനാവശ്യം.
പരിപാടി പത്മശ്രീ കൈതപ്രം ദാമോദരന്‍ നമ്പൂതിരി ഉദ്ഘാടനം ചെയ്തു. വ്യക്തിമനസില്‍ സമാധാനമുണ്ടാകുമ്പോഴാണ് സമൂഹത്തിലും രാഷ്ട്രത്തിലും അത് വ്യാപിക്കുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
ഐക്യരാഷ്ട്രസഭ നേരിടുന്ന വെല്ലുവിളികള്‍ എന്ന വിഷയം ഗവ: ആര്‍ട്‌സ് കോളജ് ചരിത്രവിഭാഗം മുന്‍ മേധാവി ഡോ: ഇ.കെ സ്വര്‍ണകുമാരി അവതരിപ്പിച്ചു.ആറ്റക്കോയ പള്ളിക്കണ്ടി, മാതൃഭൂമി സീനിയര്‍ സബ് എഡിറ്റര്‍ കൃഷ്ണകുമാര്‍ ഗ്ലോബല്‍ പീസ് ട്രസ്റ്റ് സെക്രട്ടറി അസ്‌വെങ് പാടത്തൊടി, ട്രഷറര്‍ ടി.വി ശ്രീധരന്‍, ചലച്ചിത്രസംവിധായകന്‍ എ.കെ സത്താര്‍, സ്വാലിഹ് വെളിമുക്ക് സംസാരിച്ചു. ഗ്ലോബല്‍ പീസ് വൈസ് പ്രസിഡന്റ് എം.പി മാലതി ടീച്ചര്‍ സ്വാഗതവും കുഞ്ഞിക്കണ്ണന്‍ ചെറുകാട് നന്ദിയും പറഞ്ഞു. 40 യുവ ഗായിക ഗായകന്മാര്‍ ഗാനാര്‍ച്ചനയും നടത്തി. ‘ലോകം മുഴുവന്‍ സുഖം പകരാനായി’ എന്ന ശാന്തിഗീതം യുവഗായിക ഗായകന്മാര്‍ ചേര്‍ന്നാലപിച്ചു.