കോഴിക്കോട്: എല്ലാ വീടുകളിലും ആയുര്‍വേദ സന്ദേശത്തിക്കണമെന്നും ആയുര്‍വേദം ആരോഗ്യശാസ്ത്രം മാത്രമല്ലെന്നും രോഗം വരാതിരിക്കാനുള്ള പ്രതിരോധം പറയുന്ന ശാസ്ത്രം കൂടിയാണെന്ന് കോട്ടക്കല്‍ ആര്യവൈദ്യശാല മാനേജിങ് ട്രസ്റ്റിയും മുതിര്‍ന്ന ആയുര്‍വേദ ഭിക്ഷഗ്വരനുമായ ഡോ: പി.എം വാരിയര്‍ പറഞ്ഞു. ശരീരത്തെ മനസിലാക്കി ജീവിതചര്യ ക്രമീകരിച്ചാല്‍ ആരോഗ്യദൃഢഗാത്രരായി ജീവിക്കാന്‍ സാധിക്കും. ആഹാരക്രമം, വ്യായാമം , ഉറക്കം എന്നിവ ചിട്ടയായി പാലിക്കണമെന്ന് ആയുര്‍വേദം അനുശാസിക്കുന്നുണ്ട്.
മാതൃഭൂമിയും കോട്ടയ്ക്കല്‍ ആര്യവൈദ്യശാലയും സംയുക്തമായി ദേശീയ ആയുര്‍വേദ ദിനത്തില്‍ സംഘടിപ്പിച്ച സെമിനാറില്‍ ആയുര്‍വേദ സന്ദേശം നല്‍കി സംസാരിക്കുകയായിരുന്നു അദ്ദേഹം.
കാലാവസ്ഥാ വ്യതിയാനം, അന്തരീക്ഷ മലിനീകരണം, വിഷലിപ്തമായ പച്ചക്കറികള്‍, വെള്ളത്തിന്റെ മലിനീകരണം എന്നിവയാല്‍ രോഗസാധ്യത കൂടുന്നുണ്ടെങ്കിലും ആയുര്‍വേദ ചികിത്സയിലൂടെ വലിയ ഒരളവ് രോഗശമനം നല്‍കാന്‍ സാധിക്കുന്നുണ്ട്. ജീവിതശൈലി രോഗം വരാതിരിക്കാന്‍ ആയുര്‍വേദത്തിലധിഷ്ഠിതമായ ജീവിതചര്യ പിന്തുടരണമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സെമിനാര്‍ മാതൃഭൂമി മാനേജിങ് ഡയറക്ടര്‍ എം.വി ശ്രേയാംസ്‌കുമാര്‍ ഉദ്ഘാടനം ചെയ്തു. ആര്യവൈദ്യശാല ട്രസ്റ്റിയും അഡീ. ചീഫ് ഫിസിഷ്യനുമായ ഡോ: കെ. മുരളീധരന്‍ അധ്യക്ഷത വഹിച്ചു.