കാർത്തിക
കോഴിക്കോട്: ഐശ്വര്യത്തിന്റെ വെളിച്ചം നൽകുന്ന ദീപങ്ങളുടെ ഉത്സവത്തിന്റെ ആഘോഷത്തിലാണ് നാടും നഗരവും. ഭാരതീയരുടെ ഏറ്റവും വലിയ ഉത്സവമായ ദീപാവലി മനുഷ്യ മനസ്സിലെ ഇരുട്ടിനെ നീക്കി നൻമയുടെയും സ്‌നേഹത്തിന്റെയും ഐക്യത്തിന്റേയും പ്രകാശം നിറയ്ക്കുന്നു. വനവാസകാലത്തിനു ശേഷം രാമൻ സീതയോടൊപ്പം അയോധ്യയിൽ തിരിച്ചെത്തിയപ്പോൾ അവിടുത്തെ ജനങ്ങൾ ആഘോഷത്തോടെ ശ്രീരാമചന്ദ്രനെ സ്വീകരിച്ചതിന്റെ ഓർമ്മ പുതുക്കലായും ശ്രീകൃഷ്ണൻ നരകാസുരനെ നിഗ്രഹിച്ചതിന്റെ ആഘോഷമായും ഐതീഹ്യമുണ്ട്.
ദീപാവലി നാളുകളിൽ വീടുകൾ ദീപങ്ങളാൽ മനോഹരമാക്കി അലങ്കരിച്ചും മധുര പലഹാരങ്ങളും സമ്മാനങ്ങളും വിതരണം ചെയ്തും പടക്കം പൊട്ടിച്ചും പൂത്തിരിയും മത്താപ്പും കത്തിച്ചും ആഘോഷിക്കുമ്പോഴും പരസ്പര സ്‌നേഹ ബന്ധങ്ങളാണ് കൂട്ടിയുറപ്പിക്കുന്നത്. ഓരോ ആഘോഷങ്ങളും ബന്ധങ്ങൾ കൂട്ടിയുറപ്പിക്കുമ്പോഴും തിരിച്ചറിവുകൾ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ മനുഷ്യഹൃദയങ്ങളിൽ നൻമയുടെയും സ്‌നേഹത്തിന്റേയും ഐക്യത്തിന്റേയും പ്രകാശം വിതറുന്ന ദീപങ്ങളുടെ ഉത്സവങ്ങളെ നമുക്ക് മുറുകെ പിടിക്കാം.