തിരുവനന്തപുരം: സി.പി.എം നേതാക്കന്മാര്ക്ക് എതിരായ സ്വപ്നയുടെ ആരോപണങ്ങള്‍ ഗുരുതരമെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശന്. നേതാക്കള്‍ക്ക് എതിരായ ആരോപണങ്ങള്‍ അന്വേഷിക്കണം. നിരപരാധിത്വം മുന്‍ മന്ത്രിമാര്‍ തെളിയിക്കട്ടേയെന്നും സതീശന് പറഞ്ഞു. കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരനും വിഷയത്തില്‍ പ്രതികരിച്ചു. സ്വപ്ന തെളിവ് വച്ചാണ് സംസാരിക്കുന്നത്? പാര്‍ട്ടി പ്രതികരിച്ചോ, മുഖ്യമന്ത്രിക്കും പാര്‍ട്ടി സെക്രട്ടറിക്കും ഒന്നും പറയാനില്ലേ? എല്‍ദോസിന് ഒരു നിയമവും കടകംപള്ളിക്ക് മറ്റൊരു നിയമവും എന്നാണോയെന്നും സുധാകരന് ചോദിച്ചു.
എല്‍ദോസ് വിഷയത്തില്‍ കെ.പി.സി.സി നേതാക്കന്മാരുടെ യോഗം വൈകീട്ട് ചേരും. പരാതിയും കോടതി പരാമര്‍ശവും പരിശോധിക്കും. എല്‍ദോസിന്റെ വിശദീകരണവും പരിശോധിക്കേണ്ടതുണ്ട്. അതിനുശേഷം എം.എല്‍.എ.ക്കെതിരേ നടപടിയെടുക്കുന്ന കാര്യം തീരുമാനിക്കുമെന്നും കെ.സുധാകരന് പറഞ്ഞു. ഇന്നലെ ഏഷ്യാനെറ്റ് ന്യൂസിന് നല്കിയ അഭിമുഖത്തിലാണ് കടകം പള്ളി സുരേന്ദ്രന്, പി. ശ്രീരാമകൃഷ്ണന്, തോമസ് ഐസക്ക് എന്നീ സി.പി.എം നേതാക്കള്‍ക്കെതിരേ സ്വപ്ന സുരേഷ് ലൈംഗികാരോപണം ഉന്നയിച്ചത്.
കടകംപള്ളി സുരേന്ദ്രന് കൊച്ചിയില്‍ വച്ച് ഹോട്ടല്‍ മുറിയിലേക്ക് ക്ഷണിച്ചുവെന്നും പി.ശ്രീരാമകൃഷ്ണന് ഔദ്യോഗിക വസതിയിലേക്ക് ഒറ്റക്ക് വരാന്‍ ആവശ്യപ്പെട്ടെന്നും തോമസ് ഐസക് മൂന്നാറിലേക്ക് കൊണ്ടുപോകാമെന്ന് പറഞ്ഞെന്നുമാണ് സ്വപ്നയുടെ ആരോപണം. ‘ചതിയുടെ പത്മവ്യൂഹം’ എന്ന പുസ്തകത്തിന്റെ പശ്ചാത്തലത്തില്‍ സ്വകാര്യ ചാനലിനു നല്കിയ അഭിമുഖത്തില്‍ സംസാരിക്കുവേയായിരുന്നു വെളിപ്പെടുത്തല്‍.