കോഴിക്കോട്: സംസ്ഥാനത്തിന്റെ ടൂറിസം മേഖലയ്ക്ക് വേള്‍ഡ് ഫൂട്ട് വോളി ചാംപ്യന്‍ഷിപ്പ് ഗുണം ചെയ്യുമെന്ന് തോട്ടത്തില്‍ രവീന്ദ്രന്‍ എം.എല്‍.എ. 2023 ഫെബ്രുവരി 23 മുതല്‍ 27 വരെ കോഴിക്കോട് ബീച്ചില്‍ നടക്കുന്ന 25ാമത് വേള്‍ഡ് ഫൂട്ട് വോളി ചാംപ്യന്‍ഷിപ്പിന്റെ ലോഗോ പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പല വിദേശ രാജ്യങ്ങളില്‍ നിന്നായി കളിക്കാര്‍ എത്തുമ്പോള്‍ നാട് കാണാനും അവര്‍ ശ്രമിക്കും. അതുവഴി മറ്റ് ലോക സഞ്ചാരികളിലേക്കും കേരളത്തിന്റെ സവിശേഷതകള്‍ പരിചയപ്പെടുമെന്നും എം.എല്‍.എ പറഞ്ഞു. ഫൂട്ട് വോളി അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ സഹകരണത്തോടെയാണ് ചാംപ്യന്‍ഷിപ്പ് സംഘടിപ്പിക്കുന്നതെന്ന് ഫൂട്ട് വോളി അസോസിയേഷന്‍ കേരള ഭാരവാഹികള്‍ അറിയിച്ചു.
കലക്ടറേറ്റ് കോണ്‍ഫെറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ തോട്ടത്തില്‍ രവീന്ദ്രന്‍ എം.എല്‍.എ, മൈ ജി ചെയര്‍മാന്‍ ആന്റ് മാനേജിങ് ഡയറക്ടര്‍ എ.കെ ഷാജിക്ക് നല്‍കി ലോഗോ പ്രകാശനം ചെയ്തു. ജില്ലാ കലക്ടര്‍ ഡോ. തേജ് ലോഹിത് റെഡി അധ്യക്ഷത വഹിച്ചു. ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് ഒ.രാജഗോപാല്‍, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അംഗം ടി.എം അബ്ദുര്‍റഹിമാന്‍, ടഗ്ഗ് ഓഫ് വാര്‍ അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് എം.മുജീബ് റഹ്മാന്‍, സംഘാടക സമിതി കണ്‍വീനര്‍ ബാബു പാലക്കണ്ടി, ട്രഷറര്‍ കെ.വി അബ്ദുല്‍ മജീദ്, ഫൂട്ട് വോളി അസോസിയേഷന്‍ ഓഫ് ഇന്ത്യ സെക്രട്ടറി ജനറല്‍ എ.കെ മുഹമ്മദ് അഷറഫ്, ഡോ. അബ്ദുല്‍ നാസര്‍, കോര്‍ഡിനേറ്റര്‍ അബ്ദുല്ല മാളിയേക്കല്‍ എന്നിവര്‍ സംസാരിച്ചു.
ഇതാദ്യമായാണ് വേള്‍ഡ് ഫൂട്ട് വോളി ചാംപ്യന്‍ഷിപ്പിന് ഇന്ത്യയില്‍ ആതിഥേയത്വം വഹിക്കുന്നത്. അമേരിക്ക, ജര്‍മ്മനി, ബ്രസീല്‍ ഉള്‍പ്പെടെ 16 രാജ്യങ്ങളില്‍ നിന്നുള്ള പുരുഷ – വനിതാ മത്സരാര്‍ത്ഥികള്‍ ചാംപ്യന്‍ഷിപ്പില്‍ മാറ്റുരയ്ക്കും. സംഘാടക സമിതി ഓഫിസിന്റെ പ്രവര്‍ത്തനം നവംബര്‍ ആദ്യവാരം മുതല്‍ ആരംഭിക്കുമെന്ന് ഓര്‍ഗനൈസിങ് സെക്രട്ടറി എ.കെ മുഹമ്മദ് അഷറഫ് അറിയിച്ചു.