പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ച സംഭവം; മലപ്പുറത്ത് പോലിസുകാരന് സസ്പെന്‍ഷന്‍

പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ച സംഭവം; മലപ്പുറത്ത് പോലിസുകാരന് സസ്പെന്‍ഷന്‍

മലപ്പുറം: കിഴിശ്ശേരിയില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിയെ മര്‍ദ്ദിച്ച സംഭവത്തില്‍ പോലിസുകാരന് സസ്പെന്‍ഷന്‍. കോഴിക്കോട് മാവൂര്‍ സ്റ്റേഷനിലെ പോലിസുകാരന്‍ ഡ്രൈവര്‍ അബ്ദുല്‍ അസീസിനെയാണ് അന്വേഷണവിധേയമായി സസ്പെന്‍ഡ് ചെയ്തത്. വകുപ്പുതല നടപടിയുടെ ഭാഗമായി എടവണ്ണ സ്റ്റേഷനിലെ ഡ്രൈവര്‍ അബ്ദുല്‍ കാദറെ മലപ്പുറം ക്യാംപ് ഓഫിസിലേക്ക് നേരത്തെ സ്ഥലം മാറ്റിരുന്നു. ഈ മാസം 13 നാണ് പ്ലസ് വണ്‍ വിദ്യാര്‍ഥിയെ രണ്ട് പോലിസുകാര്‍ ചേര്‍ന്ന് മര്‍ദ്ദിച്ചത്. കുഴിമണ്ണ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥി മുഹമ്മദ് അന്‍ഷിദിനാണ് കിഴിശ്ശേരിയില്‍ ബസ് കാത്തുനില്‍ക്കവേ മര്‍ദ്ദനമേറ്റത്.

കുഴിമണ്ണ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ വിദ്യാര്‍ത്ഥി സംഘര്‍ഷം നടന്ന ദിവസമായിരുന്നു അതിക്രമം. സംഘര്‍ഷവുമായി ഒരു ബന്ധവും ഇല്ലാത്ത ബസ് കാത്തുനില്‍ക്കുന്ന കിഴിശ്ശേരി സ്വദേശിയായ മുഹമ്മദ് അന്‍ഷിദിനെയാണ് രണ്ടുപേര്‍ വന്ന് മര്‍ദ്ദിച്ചത്. മര്‍ദ്ദനമേറ്റ വിദ്യാര്‍ത്ഥിക്ക് നേരത്തെ ഹൃദയ ശസ്ത്രക്രിയ നടന്നിരുന്നു. സംഭവത്തിന് ശേഷം എടവണ്ണ പോലിസ് സ്റ്റേഷനില്‍ നിന്നും ഒത്തു തീര്‍പ്പിന് വിളിച്ചെന്നും കുട്ടിയുടെ പിതാവ് ആരോപിച്ചിരുന്നു. സംഭവത്തില്‍ പോലിസ് മൊഴിയെടുക്കാന്‍ വൈകിയെന്നും ആരോപണമുയര്‍ന്നു.

Share

Leave a Reply

Your email address will not be published. Required fields are marked *