നാദാപുരം: നാദാപുരം ഗ്രാമപഞ്ചായത്തിലെ മുഴുവന്‍ കുടിവെള്ള സ്രോതസ്സുകളും പരിശോധിച്ച് ശുദ്ധത ഉറപ്പ് വരുത്തുന്ന പദ്ധതിക്ക് തുടക്കമായി. ജലനിധിയുമായി ചേര്‍ന്നാണ് 10,800 വീടുകളിലെ വിവിധ ജലസ്രോതസ്സുകളിലെ വെള്ളം സൗജന്യമായി പരിശോധിക്കുക. ഇതിനായി ഒരു വാര്‍ഡില്‍ നിന്ന് രണ്ട് കുടുംബശ്രീ പ്രവര്‍ത്തകരെ ജലമിത്രങ്ങളായി തെരഞ്ഞെടുത്ത് അവര്‍ക്ക് പരിശീലനം നല്‍കി. പ്രധാനമായും ജലസ്രോതസ്സുകളിലെ PH, അല്‍ക്കലൈന്‍, നൈട്രേറ്റ്, അയേണ്‍, ഇക്കോളി, ക്ലോറൈഡ്, അമോണിയ, ടര്‍ബിഡിറ്റി എന്നിങ്ങനെയുള്ള 12 പരിശോധനകളാണ് നടത്തുക.
പരിശോധനാ ഫലം എഴുതി വീട്ടുകാര്‍ക്ക് നല്‍കും. ജലനിധിയുടെ ഇ-ജലശക്തി പോര്‍ട്ടലിലും ഫലം ലഭ്യമാകും. ജലമിത്രങ്ങളുടെ പരിശീലനം പഞ്ചായത്ത് പ്രസിഡന്റ് വി.വി മുഹമ്മദലി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് അഖില മാര്യാട്ട് അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷന്മാരായ സി.കെ നാസര്‍, എം.സി സുബൈര്‍, മെംബര്‍ പി.പി ബാലകൃഷ്ണന്‍ അസി: സെക്രട്ടറി ടി. പ്രേമാനന്ദന്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ. സതീഷ് ബാബു എന്നിവര്‍ സംസാരിച്ചു. പഞ്ചായത്ത് സെക്രട്ടറി ടി. ഷാഹുല്‍ ഹമീദ് കുടിനീര്‍ തെളിനീര്‍ പദ്ധതി വിശദീകരിച്ചു. ജലനിധി മലപ്പുറം റീജ്യണല്‍ ഓഫിസിലെ ടീം ലീഡര്‍മാരായ വി. സുദേവന്‍, വി.പി പ്രശാന്ത് എന്നിവര്‍ ക്ലാസ് എടുത്തു. പരിശീലനം ലഭിച്ചതിനുശേഷം ജലമിത്രങ്ങളുടെ നേതൃത്വത്തില്‍ വീടുകളില്‍ പരിശോധന ആരംഭിക്കുന്നതാണ്. പഞ്ചായത്തിലെ ശുദ്ധജല സ്രോതസ്സുകളുടെ ഡാറ്റ പരിശോധനക്ക് ശേഷം പ്രസിദ്ധീകരിക്കുന്നതാണ്.