പട്ടാമ്പി: പഠനത്തോടൊപ്പം വിദ്യാര്‍ഥികളില്‍ കൃഷിയേയും പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യവുമായി ഹാര്‍വെസ്റ്റേ സംഘടിപ്പിക്കുന്ന കൃഷിക്കൂട്ടം പദ്ധതിക്ക് പട്ടാമ്പിയില്‍ തുടക്കമായി. നാഗലശ്ശേരി ജി.എച്ച്.എസ് സ്കൂളില്‍ സംഘടിപ്പിച്ച പരിപാടി ഹാര്‍വെസ്റ്റേ എം.ഡി വിജീഷ് കെ.പി അധ്യാപിക ഗീത തങ്കത്തിന് ഈസി പ്ലാന്‍ കിറ്റ് നല്കി ഉദ്ഘാടനം ചെയ്തു. കുറഞ്ഞ സ്ഥലത്ത് ഗുണമേന്മയുള്ള വിത്തിറക്കി മികച്ച വിളവെടുക്കുന്ന ഹാര്‍വെസ്റ്റേ ഈസി പ്ലാന്‍ കിറ്റ് വിദ്യാര്‍ഥികള്‍ക്ക് സൗജന്യമായി നല്കി.
വിദ്യാര്‍ഥികളെ വിവിധ ഗ്രൂപ്പുകളായി തിരിച്ച് മത്സരാടിസ്ഥാനത്തില്‍ കൃഷി ചെയ്യാന്‍ അവരെ പ്രാപ്തരാക്കി കൃഷിയെ സ്നേഹിക്കുന്ന പുതുതലമുറയെ വളര്‍ത്തിയെടുക്കുക എന്നതാണ് കൃഷിക്കൂട്ടം പദ്ധതി എന്ന് വിജീഷ് കെ.പി പറഞ്ഞു. വിത്തിറക്കി വിളവെടുപ്പുവരെ വിദ്യാര്‍ഥികളോടൊപ്പം ഹാര്വെസ്റ്റേയും ഉണ്ടാകുമെന്നും പാലക്കാട് ജില്ലയിലെ തിരഞ്ഞെടുത്ത സ്കൂളുകളിലാണ് ഈ പദ്ധതി ഇപ്പോള്‍ നടപ്പാക്കുന്നതെന്നും അടുത്ത വര്‍ഷം മുതല്‍ സംസ്ഥാനത്തെ എല്ലാ സ്കൂളുകളിലും നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.
റിസര്‍ച്ച് ഹെഡ് അഷിത അധ്യക്ഷത വഹിച്ചു. ഡയറക്ടര്‍മാരായ മൊയ്തീന് കുട്ടി, സി.അബ്ദുള്‍ അസീസ്, അരുണ്‍.കെ എന്നിവര്‍ സംസാരിച്ചു. പ്രിയ പ്രസാദ് സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ബിന്ദു ടീച്ചര്‍ നന്ദിയും പറഞ്ഞു.