കോഴിക്കോട്: സ്തനാര്‍ബുദം സ്വയം നിര്‍ണയിക്കുന്നതിന്റെ പ്രാധാന്യത്തെ മുന്‍നിര്‍ത്തിയുള്ള രാജ്യവ്യാപക പ്രചാരണ പരിപാടികള്‍ക്ക് (പിങ്ക് റിബ്ബണ്‍ കലക്ഷന്‍) തുടക്കം കുറിച്ച് ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന അമേരിക്കന്‍ ഓങ്കോളജി ഇന്‍സ്റ്റിറ്റ്യൂട്ട്. കാലിക പ്രസക്തമായ സ്തനാര്‍ബുദ സ്വയംനിര്‍ണയ ബോധവല്‍ക്കരണ പ്രചാരണത്തിന് എല്ലാ പിന്തുണയും നല്‍കുന്നതായി ചടങ്ങ് ഉദ്ഘാടനം ചെയ്തു സംസാരിച്ച കോഴിക്കോട് മേയര്‍ ഡോ. ബീന ഫിലിപ്പ് പറഞ്ഞു.
എല്ലാ സ്ത്രീകളും സ്തനാരോഗ്യത്തിനു പ്രാധാന്യം നല്‍കുകയും നേരത്തേയുള്ള പരിശോധനയിലൂടെ സ്തനാര്‍ബുദത്തെ പ്രതിരോധിക്കുകയും ചെയ്യുന്ന സാഹചര്യമാണ് രൂപപ്പെടേണ്ടതെന്ന് ചടങ്ങില്‍ മുഖ്യസംഭാഷണം നടത്തിയ ഡോ. അന്നാ മാണി പറഞ്ഞു. സ്തനാര്‍ബുദത്തിന്റെ കുടുംബപശ്ചാത്തലമുള്ള സ്ത്രീകള്‍ നിര്‍ബന്ധമായും മാമോഗ്രാം പരിശോധനകള്‍ നടത്തേണ്ടതുണ്ട്. സ്തനാര്‍ബുദ നിയന്ത്രണത്തിന് ഏറ്റവും ഉചിതമായ മാര്‍ഗം മുന്‍കൂട്ടി കണ്ടെത്തിയുള്ള സത്വര ചികിത്സയാണെന്ന് ഡോ.ധന്യ പറഞ്ഞു. നാല്‍പ്പതോ അതിനു മുകളിലോ പ്രായമുള്ള സ്ത്രീകളില്‍ എല്ലാ വര്‍ഷവും സ്‌ക്രീനിങ് നടത്തേണ്ടതുണ്ട്.
ലളിതമായ സ്വയം പരിശോധനയിലൂടെ സ്തനാര്‍ബുദം തിരിച്ചറിയുന്നതിനുള്ള അറിവ് പകര്‍ന്നു നല്‍കുകയും അതുവഴിയുള്ള സ്ത്രീശാക്തീകരണവുമാണ് പിങ്ക് റബ്ബണ്‍ കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് എ.ഒ.ഐ സോണല്‍ ഡയരക്ടര്‍ കൃഷ്ണദാസ് എം.എന്‍ വ്യക്തമാക്കി. സ്തനങ്ങളില്‍ സ്വയം പരിശോധന നടത്തുന്നതിനെ വിശദീകരിക്കുന്ന വിഡിയൊ ക്യൂആര്‍ കോഡ് സ്‌കാന്‍ ചെയ്തുകൊണ്ട് മേയര്‍ നിര്‍വഹിച്ചു.
സ്തനാര്‍ബുദ ബോധവല്‍ക്കരണ മാസമായ ഒക്ടോബറില്‍ വിപുലമായ പ്രചാരണ പദ്ധതികള്‍ക്കാണ് എ.ഒ.ഐ തുടക്കംകുറിച്ചത്. ദൈനംദിന ജീവിതത്തിന്റെ ഭാഗമായി സ്ത്രീകള്‍ക്ക് സ്വയം പരിശോധനയിലൂടെ അസുഖം തിരിച്ചറിയാനാകുമെന്ന് ഇവര്‍ ഓര്‍മിപ്പിക്കുന്നു. സ്തനാര്‍ബുദത്തെക്കുറിച്ചു സ്ത്രീകള്‍ക്കുള്ള ആന്തരികചിന്തകളും ആകുലതകളും ഒഴിവാക്കി തുറന്നു സംസാരിക്കാന്‍ അവരെ പ്രാപ്തരാക്കുകയെന്നതും പദ്ധതിയുടെ ലക്ഷ്യമാണ്. അമേരിക്കന്‍ ഓങ്കോളജിയുടെ സമൂഹമാധ്യമ ചാനലുകള്‍ വഴി പിങ്ക് റിബ്ബണ്‍ പ്രചാരണങ്ങള്‍ ശക്തമായി നടക്കുന്നുണ്ട്.