ന്യൂഡല്‍ഹി: ചാരപ്രവര്‍ത്തനം നടത്തിയതിന് ഡല്‍ഹിയില്‍ ചൈനീസ് യുവതിയെ പോലിസ് അറസ്റ്റ് ചെയ്തു. ഇവര്‍ ചാരപ്രവര്‍ത്തനം നടത്തി വരുകയായിരുന്നെന്നാണ് വിവരം. മതിയായ രേഖകളില്ലാതെ താമസിക്കുകയായിരുന്ന യുവതിയെ ഇന്നലെ മജുനാ കാട്ടിലയില്‍ നിന്നാണ് ഡല്‍ഹി പോലിസ് സെപ്ഷ്യല്‍ സെല്‍ അറസ്റ്റ് ചെയ്തത്. ഇവരുടെ പക്കലില്‍ നിന്നും നേപ്പാള്‍ സ്വദേശിയാണെന്ന വ്യാജ പാസ്പോര്‍ട്ടും പോലിസ് കണ്ടെടുത്തു.
ബുദ്ധ സന്യാസിനിയുടെ വേഷത്തില്‍ ടിബറ്റന്‍ അഭയാര്‍ഥി സെറ്റില്‍മെന്റിലാണ് യുവതി കഴിഞ്ഞിരുന്നത്. തിരിച്ചറിയല്‍ രേഖകളില്‍ ഡോല്‍മ ലാമ എന്നും നേപ്പാള്‍ തലസ്ഥാനമായ കഠ്മണ്ഡുവിലെ വിലാസവുമാണ് നല്‍കിയിരുന്നത്. എന്നാല്‍ അവരുടെ യഥാര്‍ഥ പേര് കയ് റുവോ എന്നാണെന്ന് ഡല്‍ഹി പോലിസ് അറിയിച്ചു. ചോദ്യം ചെയ്യലിനോട് ഇവര്‍ സഹകരിക്കുന്നില്ലെന്നും പോലിസ് പറഞ്ഞു. ചോദ്യം ചെയ്യലിന് ശേഷം യുവതിയെ കോടതിയില്‍ ഹാജരാക്കി. ഇവരെ കോടതി 14 ദിവസത്തേക്ക് പൊലിസ് കസ്റ്റഡിയില്‍ വിട്ടു. അതേസമയം, ചൈനയിലെ കമ്യൂണിസ്റ്റ് പാര്‍ട്ടിയിലെ ചില നേതാക്കള്‍ക്ക് തന്നെ കൊല്ലണമെന്ന് ഉദ്ദേശ്യമുണ്ടെന്ന് പോലിസിനോട് ചോദ്യം ചെയ്യലില്‍ ഇവര്‍ പറഞ്ഞു. ഇംഗ്ലീഷ്, മാന്‍ഡരിന്‍, നേപ്പാളി ഭാഷകള്‍ ഇവര്‍ക്ക് അറിയാം.