കോഴിക്കോട്: സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയെന്ന പരാതിയില്‍ ആരോഗ്യ വകുപ്പ് പ്രത്യേക സംഘത്തിന്റെ അന്വേഷണം തുടങ്ങി. പരാതിക്കാരി ഹര്‍ഷിനയുടെ വീട്ടിലെത്തി സംഘം മൊഴിയെടുത്തു. ആരോഗ്യ മന്ത്രി ചുമതലപ്പെടുത്തിയ മെഡിക്കല്‍ വിദ്യാഭ്യാസ ഡയരക്ടറേറ്റ് സ്‌പെഷല്‍ ഓഫിസര്‍ ഡോ. അബ്ദുള്‍ റഷീദിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘമാണ് അടിവാരത്തുള്ള ഹര്‍ഷിനയുടെ വീട്ടിലെത്തി മൊഴി രേഖപ്പെടുത്തിയത്. മൊഴിയെടുക്കല്‍ ഒന്നര മണിക്കൂര്‍ നീണ്ടു. സംഘം മെഡിക്കല്‍ കോളേജ് ജീവനക്കാരുടേയും വിശദമായ മൊഴിയെടുക്കും. റിപ്പോര്‍ട്ട് ഉടന്‍ നല്‍കുമെന്ന് ഡോ. അബ്ദുള്‍ റഷീദ് പറഞ്ഞു. നീതി ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി പരാതിക്കാരി ഹര്‍ഷിന പ്രതികരിച്ചു. അതേസമയം വയറ്റില്‍ നിന്ന് കണ്ടെടുത്ത കത്രിക കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയുടേതല്ലെന്ന് ആഭ്യന്തര അന്വേഷണ സംഘം പ്രിന്‍സിപ്പാളിന് റിപ്പോര്‍ട്ട് നല്‍കി. അന്നേ ദിവസം ശസ്ത്രക്രിയക്കായി ഉപയോഗിച്ച ഉപകരണങ്ങള്‍ ഒന്നും നഷ്ടമായിട്ടില്ല. കണക്കെടുപ്പില്‍ എല്ലാം കൃത്യമായി രേഖപെടുത്തിയിട്ടുണ്ടെന്നാണ് ആഭ്യന്തര അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. 2017ലാണ് മെഡിക്കല്‍ കോളേജില്‍ നടന്ന പ്രസവ ശസ്ത്രക്രിയക്കിടെ ഹര്‍ഷിനയുടെ വയറ്റില്‍ കത്രിക കുടുങ്ങിയെന്നാണ് പരാതി. അഞ്ചു വര്‍ഷത്തിന് ശേഷം ഇക്കഴിഞ്ഞ സെപ്റ്റംബറിലാണ് ഇത് പുറത്തെടുത്തത്.