കോഴിക്കോട്: കേരള ബാങ്കിനെ കൊണ്ട് പലിശ ഏകീകരിപ്പിക്കാന്‍ നടത്തിയ പ്രക്ഷോഭം മിസലെനിയസ് സംഘങ്ങളുടെ അവകാശ സംരക്ഷണ ചരിത്രത്തിലെ ശ്രദ്ധേയമായ അധ്യായമാണെന്നും തുടര്‍ന്നും ശക്തമായ ഇടപെടലുകള്‍ നടത്തുമെന്ന് മിസലെനിയസ് കോ-ഓപറേറ്റീവ് ആക്ഷന്‍ കൗണ്‍സില്‍ ചെയര്‍മാന്‍ നെല്ലിമൂട് പ്രഭാകരന്‍ പറഞ്ഞു. പി.എസ്.സി നിയമനത്തില്‍ മിസലെനിയസ് സംഘങ്ങള്‍ക്കുള്ള അമ്പത് ശതമാനം സംവരണം റദ്ദാക്കിയിരിക്കുകയാണ്. സംസ്ഥാന സര്‍ക്കാര്‍ കൊണ്ടുവരുന്ന സഹകരണ ഭേദഗതി ബില്ലിനെക്കുറിച്ചുള്ള അഭിപ്രായങ്ങള്‍ പരിഗണിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മിസലെനിയസ് കോ-ഓപറേറ്റീവ് ആക്ഷന്‍ കൗണ്‍സില്‍ കോഴിക്കോട് ജില്ലാ പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ ചെയര്‍മാന്‍ അഡ്വ. ആനന്ദ കനകം അധ്യക്ഷത വഹിച്ചു. സംസ്ഥാന കണ്‍വീനര്‍ കരകുളം വിജയകുമാര്‍, പി.കെ കബീര്‍ സലാല, കെ.വി സുബ്രഹ്മണ്യന്‍, പി.ടി നിസാര്‍, സുരേന്ദ്രന്‍ കുറ്റിക്കാട്ടൂര്‍, പ്രവീണ്‍ ശങ്കരത്, റിജുല്‍ എം.പി, കെ.കെ മഹേഷ്, പി. രാധാകൃഷ്ണന്‍, ടി.ടി ഷംന എന്നിവര്‍ സംസാരിച്ചു. നവംബര്‍ 24ന് കോഴിക്കോട് വച്ച് സഹകരണ നിയമ ഭേദഗതിയും സഹകരണ സംഘങ്ങളും, കേരള ബാങ്കും മിസലെനിയസ് സഹകരണ സംഘങ്ങളും എന്ന വിഷയത്തില്‍ സെമിനാര്‍ നടത്താനും യോഗം തീരുമാനിച്ചു. ജില്ലാ കണ്‍വീനര്‍ ദിനേഷ് പെരുമണ്ണ സ്വാഗതവും രാജീവന്‍.എം നന്ദിയും പറഞ്ഞു.