കോഴിക്കോട്: മഹിളകളുടെ പ്രശ്‌നങ്ങള്‍ അവരുടെ പക്ഷത്തുനിന്ന് അറിയുവാന്‍ അവസരം നല്‍കുന്നത് ശുഭോദര്‍ക്കമാണെന്നും സ്ത്രീകളുടെ വിഷമങ്ങളും വിഷാദങ്ങളും ഇറക്കിവയ്ക്കുന്ന അത്താണിയാണ് അവരുടെ രചനകളെന്നും എഴുത്തുകാരി പി.ടി രാജലക്ഷ്മി പറഞ്ഞു. മഹിളാവീഥി ഓണപതിപ്പ് പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍. രചനകള്‍ ആനുകാലികങ്ങളിലൂടെ പുറത്ത് വരുമ്പോള്‍ കൂടുതല്‍ വായനക്കാരിലേക്കെത്തുമെന്നതില്‍ സംശയമില്ല. മഹിളാവീഥി മാഗസിനിലൂടെ ഇത്തരം രചനകള്‍ പ്രകാശിതമാവട്ടേയെന്നവര്‍ ആശംസിച്ചു. ഡോ.എം.കെ പ്രീത മാഗസിന്‍ ഏറ്റുവാങ്ങി. ചടങ്ങില്‍ ഡോ.ആര്‍സു അധ്യക്ഷത വഹിച്ചു. കെ.ജി രഘുനാഥ്, ഗോപി പുതുക്കോട്, ഡോ.സി. സേതുമാധവന്‍, പി.ഐ അജയന്‍, വേലായുധന്‍ പള്ളിക്കല്‍, എം.എസ് ബാലകൃഷ്ണന്‍, വിജയകൃഷ്ണന്‍.കെ, രമാദേവി, സഫിയ നരിമുക്കില്‍, എം.കെ വേണുഗോപാല്‍, പീപ്പിള്‍സ് റിവ്യൂ പത്രാധിപരും മഹിളാവീഥി മാഗസിന്‍ മാനേജിങ് എഡിറ്ററുമായ പി.ടി നിസാര്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.