മാഹി: നിറയെ യാത്രക്കാരേയും കയറ്റി മാഹിയില്‍ നിന്നും പുതുച്ചേരിയിലേക്ക് പുറപ്പെട്ട പുതുച്ചേരി റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്റെ ദീര്‍ഘദൂര ബസ്സ് പെരുവഴിയിലായി. പെണ്‍കുട്ടികളടക്കമുള്ള നിരവധി യാത്രക്കാര്‍ എന്തു ചെയ്യണമെന്നറിയാതെ കണക്ഷന്‍ ബസ് കിട്ടാതെ വലഞ്ഞു. മലപ്പുറത്തെത്തിയപ്പോള്‍ ആദ്യ ടയര്‍ പൊട്ടി, ഒരു മണിക്കൂര്‍ കഴിഞ്ഞ് ശരിയാക്കി യാത്ര തുടര്‍ന്നപ്പോള്‍ പാലക്കാട് എത്തും മുമ്പ് വീണ്ടും ടയര്‍ പൊട്ടി. യാത്രക്കാരെ രാത്രി ഒരു മണിക്ക് പെരുവഴിയില്‍ ഇറക്കിവിടുകയായിരുന്നു. ഇന്നലെ ഓഫിസുകളിലും, കോളജുകളിലുമെത്തേണ്ടവരില്‍ പലരും ഉച്ച കഴിഞ്ഞാണ് എത്തിയത്. പി.ആര്‍.ടി.സി പെരുവഴിയില്‍ വീണുപോകുന്നത് തുടര്‍ക്കഥയാണ്. ടയര്‍ തെറിച്ച് പോകുന്നതും, പൊട്ടുന്നതും പതിവ് സംഭവമായിത്തീര്‍ന്നിട്ടുണ്ട്. പത്തും പതിനാലും വര്‍ഷം പഴക്കമുള്ള പൊട്ടിപ്പൊളിഞ്ഞ ബസുകളാണ് 650 കിലോമീറ്റര്‍ ദൂരം നിത്യേന ഓടുന്നത്. മഴ പെയ്താല്‍ അകം കുളമാകും. മൂട്ട കിടയുമേല്‍ക്കണം. ഡീലക്‌സ് ബസിന്റെ ചാര്‍ജും നല്‍കണം. പഴയ ബസുകള്‍ക്ക് പകരം, ലാഭമേറിയ ഈ റൂട്ടില്‍ മാഹിയിലേക്ക് പുതിയ ബസുകള്‍ വേണമെന്ന് മുറവിളി തുടങ്ങിയിട്ട് വര്‍ഷങ്ങളായി. പുതിയ രണ്ട് ബസുകള്‍ അനുവദിക്കുമെന്ന് അസംബ്ലിയിലടക്കം ഉറപ്പ് നല്‍കിയിട്ടും യാഥാര്‍ഥ്യമായില്ല. നിത്യേന നിരവധി യാത്രക്കാരാണ് തലസ്ഥാനമായ പുതുച്ചേരിയിലേക്കും, തിരിച്ചും യാത്ര ചെയ്യുന്നത്. ജീവന്‍ പണയം വെച്ചാണ് യാത്രക്കാര്‍ ഈ ബസില്‍ കയറുന്നത്.