ഇന്ത്യയിലെ ഏറ്റവുമധികം റേഞ്ച് ഉറപ്പാക്കിയിട്ടുള്ള ഇലക്ട്രിക് ബൈക്കാണ് അള്‍ട്രാവയലറ്റ് എഫ്22. ഇലക്ട്രിക് സൂപ്പര്‍ബൈക്ക് ശ്രേണിയില്‍ എത്തിയിട്ടുള്ള ഈ ബൈക്കിനെ മലയാളികള്‍ കൂടുതല്‍ ഇഷ്ടപ്പെടാന്‍ മറ്റൊരു കാരണമം കൂടി ഉണ്ടായിരിക്കുകയാണ്. മലയാളികളുടെ പ്രിയപ്പെട്ട നടന്‍ ദുല്‍ഖര്‍ സല്‍മാനും ഈ കമ്പനിയുടെ ഭാഗമാണെന്നതാണ് ഈ കാരണം. താന്‍ ഈ കമ്പനിയുടെ ആദ്യ നിക്ഷേപകരില്‍ ഒരാളാണെന്ന് ദുല്‍ഖര്‍ തന്നെയാണ് സാമൂഹിക മാധ്യമങ്ങളില്‍ വെളിപ്പെടുത്തിയിരിക്കുന്നത്.
ഇലക്ട്രിക് വാഹനങ്ങളാണ് ഭാവിയിലെ ഗതാഗത സംവിധാനമെന്നും, അതിനാല്‍ തന്നെ താനും ആദ്യ ഇലക്ട്രിക് വാഹനം സ്വന്തമാക്കാന്‍ ഒരുങ്ങുകയാണെന്നുമാണ് ദുല്‍ഖര്‍ സല്‍മാന്‍ പറയുന്നത്. തന്റെ ഇലക്ട്രിക് യാത്രയുടെ ആരംഭം അല്‍ട്രാവയലറ്റ് എഫ്77 വാഹനത്തില്‍ നിന്നാണെന്നും ഈ വാഹനത്തിന്റെ വരവിനായി ഞാനും കാത്തിരിക്കുകയാണെന്നും അദ്ദേഹം വീഡിയോയില്‍ പറയുന്നു. ഇതിനൊപ്പം പങ്കുവെച്ച കുറിപ്പിലാണ് കമ്പനിയുമായുള്ള തന്റെ ബന്ധം അദ്ദേഹം വെളിപ്പെടുത്തുന്നത്.
ഹൈ പെര്‍ഫോമെന്‍സ് ഇലക്ട്രിക് മോട്ടോര്‍ സൈക്കിള്‍ ശ്രേണിയിലേക്കാണ് എഫ്77 എത്തുന്നത്. 33.52 ബി.എച്ച്.പി പവറും 90 എന്‍.എം ടോര്‍ക്കുമേകുന്ന ഇലക്ട്രിക് മോട്ടോറാണ് ഇതില്‍ നല്‍കുക. 2.9 സെക്കന്റില്‍ പൂജ്യത്തില്‍ നിന്ന് 60 കിലോമീറ്ററും 7.5 സെക്കന്റില്‍ 100 കിലോമീറ്ററും വേഗത കൈവരിക്കാന്‍ ഈ ബൈക്കിന് കഴിയും. മണിക്കൂറില്‍ 147 കിലോമീറ്ററായിരിക്കും പരമാവധി വേഗത. ഒറ്റത്തവണ ചാര്‍ജിലൂടെ 307 കിലോമീറ്റര്‍ സഞ്ചരിക്കാനുള്ള ശേഷി ഈ വാഹനത്തിനുണ്ടെന്നാണ് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നത്.
സിനിമയില്‍ എത്തുന്നതിന് മുമ്പുതന്നെ താന്‍ ഒരു നിക്ഷേപകനായിരുന്നു. മെഡ്‌ടെക്, എജ്യൂടെക് എന്നീ മേഖലയില്‍ നടത്തിയ നിക്ഷേപങ്ങള്‍ക്ക് പുറമെ, അത് ക്ലീന്‍ എനര്‍ജിയിലേക്കും സാങ്കേതികവിദ്യയിലേക്കും വ്യപിപ്പിക്കാന്‍ ആഗ്രഹിച്ചിരുന്നു. കാറുകളോടും ബൈക്കുകളോടുമുള്ള എന്റെ ഇഷ്ടത്തിന്റെയും അഭിനിവേശത്തിന്റെയും ഭാഗമായി ഓട്ടോമൊബൈല്‍ മേഖലയില്‍ ആവേശകരമായ കമ്പനിയുടെ ഭാഗമാകുക എന്നതും ലക്ഷ്യമായിരുന്നു എന്നാണ് ദുല്‍ഖര്‍ ഇന്‍സ്റ്റഗ്രാമിന്‍ കുറിച്ചിരിക്കുന്നത്.
2016-ലാണ് തന്റെ സുഹൃത്തുകളും കമ്പനിയുടെ ചുമതലക്കാരുമായ ആളുകള്‍ ഹൈ സ്പീഡ് ഇലക്ട്രിക് മോട്ടോര്‍ സൈക്കിള്‍ എന്ന ആശയം പങ്കുവെച്ചത്. നൂതനമായ ഡിസൈന്‍ ആശയവും നവീനമായ സാങ്കേതികവിദ്യയുമാണ് എന്നെയും ഇതിലേക്ക് ആകര്‍ഷിച്ചത്. ഇപ്പോള്‍ ഇന്ത്യയില്‍ ഏറ്റവും ആവേശകരമായ ഓട്ടോമോട്ടീവ് കമ്പനിയുടെ നിക്ഷേപകനായതിന്റെ ആവേശത്തിലാണെന്നും തന്റെ ഗ്യാരേജില്‍ അള്‍ട്രാവയലറ്റ് എഫ്77-ന് ബൈക്കിനായി ഒരു സ്ലോട്ട് ഒഴിച്ചിട്ടുണ്ടെന്നും ദുല്‍ഖര്‍ പറയുന്നു.