കോഴിക്കോട്: അക്കിത്തത്തിന്റെയും ഒ.എന്‍.വിയുടെയും സ്മരണയില്‍ തപാല്‍ സ്റ്റാമ്പ് പുറത്തിറക്കണമെന്ന് ഭാഷാ സമന്വയ വേദി കേന്ദ്ര വാർത്താവിനിമയ സാങ്കേതികവിദ്യ മന്ത്രാലയത്തോട് അഭ്യര്‍ത്ഥിച്ചു. മലയാളത്തിലെ ദിവംഗതരായ എല്ലാ ജ്ഞാനപീഠ പുരസ്കാര ജേതാക്കളുടെയും സ്മരണയില്‍ തപാല്‍ സ്റ്റാമ്പുകള്‍ പുറത്തിറക്കിയിട്ടുണ്ടെന്ന വസ്തുത ശ്രദ്ധയില്‍പ്പെടുത്തി രണ്ടുവര്‍ഷം മുമ്പ് നിവേദനം അയച്ചതില്‍ ഒരു നടപടിയും ഉണ്ടായിട്ടില്ലെന്ന് ഓര്‍മപ്പെടുത്തി. വീണ്ടും ആവശ്യ വിവരണങ്ങള്‍ ചേര്‍ത്ത് നിവേദനം നല്‍കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. അക്കിത്തത്തിന്റെ രണ്ടാം ശ്രാദ്ധനാളില്‍ ഭാഷാസമന്വയ വേദി സംഘടിപ്പിച്ച സ്മൃതി സദസ്സ് ഡോ.ആര്‍സു ഉദ്ഘാടനം ചെയ്തു. ദാര്‍ശനികദീപ്തിയും, ജീവിതയാഥാര്ത്ഥ്യ ചിത്രണവും, സാംസ്കാരിക തുടിപ്പുകളും അക്കിത്തം കവിതയുടെ ആയുസ് വര്‍ധിപ്പിക്കുന്ന ഘടകങ്ങളാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഡോ. ഒ വാസവന് അദ്ധ്യക്ഷത വഹിച്ചു. കെ.ജി രഘുനാഥ് മുഖ്യ പ്രഭാഷണം നടത്തി. ‘അക്കിത്തം അനുയാത്ര’ ഒറ്റക്കവിത പഠന റഫറന്‍സ് ഗ്രന്ഥത്തിലെ ലേഖകരായ ഗോപി പുതുക്കോട്, പി.ഐ അജയന്, ഡോ.സി സേതുമാധവന്, വേലായുധന് പള്ളിക്കല്‍, എം.എസ് ബാലകൃഷ്ണന്, വിജയകൃഷ്ണന്.കെ, പി.ടി രാജലക്ഷ്മി, രമാദേവി എന്നിവര്‍ സംസാരിച്ചു. മഹിളാവീഥി മാസികയുടെ ലക്കം ചടങ്ങില്‍ പുറത്തിറക്കി. ഡോ. എം.കെ പ്രീത ആദ്യപ്രതി ഏറ്റുവാങ്ങി. എഡിറ്റര്‍ പി.ടി.കെ നിസാര്‍ ലക്കം പരിചയപ്പെടുത്തി. സഫിയ നരിമുക്കില്‍ സ്വാഗതവും എം.കെ വേണുഗോപാല്‍ നന്ദിയും പറഞ്ഞു.