എ.വി ഫര്‍ദിസ്
കോഴിക്കോട്: സമസ്തയുടെ നിര്‍ദേശത്തെ മറികടന്ന് വാഫി-വഫിയ സനദ്ദാന സമ്മേളനവുമായി മുന്നോട്ടു പോകുന്ന അബ്ദുള്‍ ഹക്കീം ഫൈസി ആദൃശ്ശേരി മര്‍കസ് കാലാവസ്ഥാ ഉച്ചകോടിയില്‍ പങ്കെടുത്തതും വിവാദത്തില്‍. ഇന്നലെ അവസാനിച്ച മര്‍കസ് നോളെജ് സിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച കാലാവസ്ഥാ ഉച്ചകോടിയുടെ ഉദ്ഘാടന സമ്മേളനത്തിലാണ് ഹക്കീം ഫൈസി ആദൃശ്ശേരി പങ്കെടുത്തത്. കോ-ഓര്‍ഡിനേഷന്‍ ഓഫ് ഇസ്‌ലാമിക് കോളേജെസിന്റെ വാഫി-വഫിയ്യ സമ്മേളനവുമായി മുന്നോട്ടു പോകുമെന്ന് കഴിഞ്ഞ ദിവസം കോഴിക്കോട് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. ഇതോടു കൂടിയാണ് സമസ്ത ഇ.കെ വിഭാഗത്തിന്റെ മറുഭാഗത്ത് നില്‍ക്കുന്ന എ.പി വിഭാഗം നടത്തിയ സമ്മേളനത്തില്‍ അതിഥിയായി ഹക്കീം ഫൈസി ആദൃശ്ശേരി പങ്കെടുത്തത് സമൂഹ മാധ്യമങ്ങളിലൂടെ ഏറെ ചര്‍ച്ചയായത്.
എന്നാല്‍ വാഫി ക്യാമ്പസില്‍ നടത്തിയ എവൈക്കനിങ് അസ്ലംബിയിലൂടെ അദ്ദേഹം ഇതിന് ശേഷം വിശദീകരണം നല്‍കിയിട്ടുണ്ട്. മര്‍കസ് മാത്രമല്ല, ഇസ്ലാമിക് യൂണിവേഴ്‌സിറ്റീസ് ലീഗ് കൂടി സംയുക്തമായി നടത്തുന്ന സമ്മേളനമാണിതെന്നും അതിലെ നിര്‍വാഹക സമിതിയംഗം എന്ന നിലക്ക് വാഫി ക്യാമ്പസുകള്‍ക്ക് കൂടി വേണ്ടിയാണ് താനതില്‍ പങ്കെടുത്തതെന്നും ഇസ്ലാമിക ലോകത്തിലെ വലിയ സ്ത്രീകളായ പണ്ഡിതകള്‍ വരെ പ്രബന്ധങ്ങള്‍ അവതരിപ്പിക്കുന്ന പരിപാടിയില്‍ പൂര്‍ണമായി പങ്കെടുത്ത് വിഷയാവതരണങ്ങള്‍ കേള്‍ക്കാന്‍ കഴിയാത്തതാണ് വലിയ നഷ്ടമെന്നും തന്റെ വിശദീകരണ പ്രസംഗത്തില്‍ അബ്ദുള്‍ ഹക്കീം ഫൈസി ആദൃശ്ശേരി വ്യക്തമാക്കി.
ഇന്ന് കോഴിക്കോട് തുടക്കം കുറിക്കുന്ന വാഫി-വഫിയ്യ സമ്മേളനമടക്കമുള്ള സി.ഐ.സി പരിപാടികളോട് പാണക്കാട് നടന്ന തീരുമാനത്തിലെ നിര്‍ദേശങ്ങള്‍ നടപ്പിലാക്കുന്നതുവരെ സമസ്ത സഹകരിക്കേണ്ടെന്ന് പ്രൊഫ. ആലിക്കുട്ടി മുസലിയാര്‍ ദിവസങ്ങള്‍ക്ക് മുന്‍പ് കത്തിലൂടെ നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ പാണക്കാട് സാദിഖലി തങ്ങള്‍ മുതല്‍ മുനവ്വറലി തങ്ങള്‍ വരെയുള്ളവരും പി.കെ. കുഞ്ഞാലിക്കുട്ടി, ഇ.ടി മുഹമ്മദ് ബഷീര്‍, കെ.എം ഷാജി വരെയുള്ള ലീഗ് നേതാക്കള്‍ വരെ സമ്മേളനത്തില്‍ പങ്കെടുക്കുമെന്നാണ് സംഘാടകര്‍ പറയുന്നത്. ഇവരുടെയെല്ലാം ഫോട്ടോ അടക്കമുള്ള സമ്മേളന പരസ്യം ഇന്നലെ ചന്ദ്രിക പത്രത്തിന്റെ ഒന്നാം പേജില്‍ പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു. സമസ്തയുടെ തന്നെ നേതൃത്വത്തിന്റെ നിര്‍ദേശം മറികടന്നു കൊണ്ടുള്ള സമ്മേളനത്തില്‍ അനുയായികളായ എത്ര പേര്‍ എത്തുമെന്നതും ലീഗ് നേതാക്കളും പാണക്കാട് കുടുംബത്തില്‍ നിന്നുള്ള എത്ര തങ്ങന്മാര്‍ പങ്കെടുക്കുമെന്നതാണ് ഇന്നും നാളെയുമായി കോഴിക്കോട് നടക്കുന്ന സമ്മേളനത്തെ മുമ്പെങ്ങുമില്ലാത്ത വിധം കൂടുതല്‍ ശ്രദ്ധാ കേന്ദ്രമാക്കുന്നത്.