തിരുവനന്തപുരം: എല്‍ദോസ് കുന്നപള്ളി എം.എല്‍.എയ്ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ച് തിരുവനന്തപുരം സെഷന്‍സ് കോടതി. ബലാത്സംഗ കേസിലാണ് ജാമ്യം അനുവദിച്ചത്. കര്‍ശന ഉപാധികളോടെയാണ് മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരിക്കുന്നത്. ഫോണും പാസ്പോര്‍ട്ടും കോടതിയില്‍ സമര്‍പ്പിക്കണം. സംസ്ഥാനം വിട്ടുപോകരുത്. സോഷ്യല്‍ മീഡിയയിലൂടെ പ്രകോപനപരമായ പോസ്റ്റുകള്‍ പാടില്ല. മറ്റന്നാള്‍ അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകാനും കോടതി നിര്‍ദേശിച്ചു.
കേസില്‍ പരാതിക്കാരിയുമായി എല്‍ദോസ് കുന്നപ്പിള്ളില്‍ എം.എല്‍.എയുടെ വീട്ടില്‍ തെളിവെടുപ്പ് നടത്തി അന്വേഷണ സംഘം. കഴിഞ്ഞ സെപ്റ്റംബറില്‍ എല്‍ദോസ് തന്നെ ഈ വീട്ടില്‍ കൊണ്ടുവന്ന് പീഡിപ്പിച്ചു എന്ന പരാതിക്കാരിയുടെ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു തെളിവെടുപ്പ്. തിരുവനന്തപുരം ജില്ല ക്രൈംബ്രാഞ്ച് എ.സി.പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് യുവതിയുമായി പെരുമ്പാവൂര്‍ പുല്ലുവഴിയിലെ വീട്ടില്‍ തെളിവെടുപ്പ് നടത്തിയത്. എല്‍ദോസും കുടുംബവും താമസിക്കുന്ന വീടാണിത്. മറ്റാരും വീട്ടില്‍ ഇല്ലാത്തപ്പോഴാണ് എല്‍ദോസ് തന്നെ ഇവിടെ എത്തിച്ചതെന്നും യുവതി മൊഴി നല്‍കിയിട്ടുണ്ട്. കളമശ്ശേരിയിലെ മറ്റൊരു വീട്ടിലും ക്രൈംബ്രാഞ്ച് സംഘം യുവതിയുമായി തെളിവെടുപ്പ് നടത്തും.
കേസില്‍ പ്രതിയായതിന് പിന്നാലെ ഒളിവില്‍ പോയ എല്‍ദോസ് കുന്നപ്പിള്ളില്‍ വിശദീകരണം നല്‍കിയെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍. വക്കീല്‍ മുഖേനയാണ് എല്‍ദോസ് വിശദീകരണം നല്‍കിയത്. ഒളിവില്‍ പോകാതെ കാര്യം പാര്‍ട്ടിയെ ബോധ്യപ്പെടുത്തേണ്ടതായിരുന്നു. മറുപടി പരിശോധിച്ച് യുക്തമായ നടപടിയെടുക്കും. എല്‍ദോസിന്റെ നടപടിയെ ന്യായീകരിക്കുന്നില്ല. പ്രശ്നം ഗൗരവമുള്ളതാണ്. കോടതി ഉത്തരവെന്തായാലും പാര്‍ട്ടി നടപടിയുണ്ടാകുമെന്നും സുധാകരന്‍ പറഞ്ഞു.