മാഹി: നിറയെ യാത്രക്കാരേയും കയറ്റി മാഹിയിൽ നിന്നും പുതുച്ചേരിയിലേക്ക് പുറപ്പെട്ട പുതുച്ചേരി റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷന്റെ ദീർഘദൂര ബസ്സ് പെരുവഴിയിലായി. പെൺകുട്ടികളടക്കമുള്ള നിരവധി യാത്രക്കാർ പാതി രാവിൽ എന്തു ചെയ്യണമെന്നറിയാതെ കണക്ഷൻ ബസ്സ് കിട്ടാതെ വലഞ്ഞു. മലപ്പുറത്തെത്തിയപ്പോൾ ആദ്യ ടയർ പൊട്ടി” ഒരു മണിക്കൂർ കഴിഞ്ഞ് ശരിയാക്കി യാത്ര തുടർന്നപ്പോൾ, പാലക്കാട് എത്തും മുമ്പ് വീണ്ടും ടയർ പൊട്ടി. യാത്രക്കാരെ രാത്രി ഒരു മണിക്ക് പെരുവഴിയിൽ ഇറക്കിവിടുകയായിരുന്നു. ഇന്നലെ ഓഫീസുകളിലും, കോളജുകളിലുമെത്തേണ്ടവരിൽ പലരും ഉച്ച കഴിഞ്ഞാണ് എത്തിയത്.പി.ആർ.ടി.സി. പെരുവഴിയിൽ വീണുപോകുന്നത് തുടർക്കഥയാണ്. ടയർ തെറിച്ച് പോകുന്നതും, പൊട്ടുന്നതും പതിവ് സംഭവമായിത്തീർന്നിട്ടുണ്ട്. പത്തും പതിനാലും വർഷം പഴക്കമുള്ള പൊട്ടിപ്പൊളിഞ്ഞ ബസ്സുകളാണ് 650 കി.മി.ദൂരം നിത്യേന ഓടുന്നത്.മഴ പെയ്താൽ അകം കുളമാകും. മൂട്ട കടിയുമേൽക്കണം. ഡീലക്‌സ് ബസ്സിന്റെ ചാർജും നൽകണം. കണ്ടം ചെയ്യാറായ ബസ്സുകൾക്ക് പകരം, ലാഭമേറിയ ഈ റൂട്ടിൽ മാഹിയിലേക്ക് പുതിയ ബസ്സുകൾ വേണമെന്ന് മുറവിളി തുടങ്ങിയിട്ട് വർഷങ്ങളായി. പുതിയ രണ്ട് ബസ്സുകൾ അനുവദിക്കുമെന്ന് അസംബ്ലിയിലടക്കം ഉറപ്പ് നൽകിയിട്ടും യാഥാർത്ഥ്യമായില്ല. നിത്യേന നിരവധി യാത്രക്കാരാണ് തലസ്ഥാനമായ പുതുച്ചേരിയിലേക്കും, തിരിച്ചും യാത്ര ചെയ്യുന്നത്.ജീവൻ പണയം വെച്ചാണ് യാത്രക്കാർ ഈ ബസ്സിൽ കയറുന്നത്.