കോഴിക്കോട്: കോര്‍പറേഷന്‍ മേയറും പ്രമുഖ സഹകാരിയുമായിരുന്ന എം. ഭാസ്‌കരന്റെ സ്മരണാര്‍ഥം ദി കാലിക്കറ്റ് ടൗണ്‍ സര്‍വീസ് കോ-ഓപറേറ്റീവ് ബാങ്ക് ഏര്‍പ്പെടുത്തിയ മികച്ച സഹകാരിക്കുള്ള അവാര്‍ഡ് ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ-ഓപറേറ്റീവ് സൊസൈറ്റി ചെയര്‍മാന്‍ രമേശന്‍ പാലേരിക്ക് സമ്മാനിക്കുമെന്ന് ടൗണ്‍ ബാങ്ക് ചെയര്‍മാന്‍ എ.വി വിശ്വനാഥനും ജനറല്‍ മാനേജര്‍ ഇ. സുനില്‍കുമാറും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സഹകരണ മേഖലയ്ക്ക് നല്‍കിയ സമഗ്ര സംഭാവന പരിഗണിച്ചാണ് 25,000 രൂപയും പ്രശസ്തിപത്രവുമടങ്ങുന്ന അവാര്‍ഡിന് രമേശന്‍ പാലേരി അര്‍ഹനായത്. ദി കാലിക്കറ്റ് ടൗണ്‍ സര്‍വീസ് കോ-ഓപറേറ്റീവ് ബാങ്കിന്റെ ചീഫ് പ്രൊമോട്ടറും രണ്ട് പതിറ്റാണ്ട് ബാങ്കിന്റെ ചെയര്‍മാനുമായിരുന്ന എം.ഭാസ്‌കരന്‍ കോഴിക്കോട് ജില്ലാ സഹകരണ ആശുപത്രി പ്രസിഡന്റ്, റബ്‌കോ വൈസ് ചെയര്‍മാന്‍, ട്രേഡ് യൂണിയന്‍ നേതാവ് എന്നീ നിലകളിലും സ്തുത്യര്‍ഹമായ സേവനം അനുഷ്ഠിച്ച വ്യക്തിത്വമാണ്.
നിര്‍മാണ മേഖലയില്‍ ആഗോള തലത്തില്‍ തന്നെ കേരളത്തിന്റെ പേര് ഉയര്‍ത്തി പിടിച്ച പ്രവര്‍ത്തനങ്ങള്‍, ഇന്റര്‍നാഷണല്‍ കോ-ഓപ്പറേറ്റീവ് അലയന്‍സില്‍ അംഗത്വമുള്ള ലോകത്തെ ഏക പ്രാഥമിക സഹകരണസംഘം, വൈവിധ്യവല്‍ക്കരണത്തിന്റെ ഭാഗമായി ഐ.ടി പാര്‍ക്ക് സ്ഥാപിച്ച് ആയിര കണക്കിന് യുവാക്കള്‍ക്ക് തൊഴിലവസരം, നിര്‍മാണ മേഖലയില്‍ 3,000 എന്‍ജിനീയര്‍മാര്‍, 3000 വിദഗ്ധ തൊഴിലാളികള്‍, 10,000 മറ്റു തൊഴിലാളികള്‍ എന്നിവര്‍ക്ക് എല്ലാ ആനുകൂല്യവും നല്‍കി സംരക്ഷിക്കുന്ന തൊഴില്‍ മേഖല, ഭിന്നശേഷിക്കാര്‍ക്ക് സുസ്ഥിര ജീവിതമാര്‍ഗം, മുതിര്‍ന്നവര്‍ക്കുള്ള ആരോഗ്യ പരിചരണം, സര്‍ഗാലയ ക്രാഫ്റ്റ് വില്ലേജ് എന്നിവയ്ക്ക് മികച്ച രീതിയില്‍ നല്‍കുന്ന നേതൃത്വം പരിഗണിച്ചാണ് രമേശന്‍ പാലേരിയെ അവാര്‍ഡിന് തെരഞ്ഞെടുത്തത്.
സാമൂഹ്യ പ്രതിബദ്ധത നിറഞ്ഞ പ്രവര്‍ത്തനങ്ങള്‍, നിര്‍മാണ രംഗത്ത് പദ്ധതികള്‍ മികവുറ്റ രീതിയില്‍ കാലവധിക്ക് മുമ്പായി പ്രവര്‍ത്തനക്ഷമമാക്കല്‍, കരാര്‍ തുകയില്‍ ചെലവ് കഴിച്ച് വരുന്നവ തിരിച്ചുനല്‍കള്‍ തുടങ്ങി മാതൃകാപരമായ പ്രവൃത്തികള്‍ക്കും ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ-ഓപറേറ്റീവ് സൊസൈറ്റിയെ പ്രാപ്തമാക്കുന്നതില്‍ രമേശന്‍ പാലേരി വഹിച്ച പങ്കും അവാര്‍ഡ് നിര്‍ണയ സമിതി വിലയിരുത്തി. കോഴിക്കോട് താലൂക്ക് സര്‍ക്കിള്‍ സഹകരണ യൂണിയന്‍ ചെയര്‍മാനും മുന്‍ ജോയിന്റ് രജിസ്ട്രാറുമായിരുന്ന ടി.പി ശ്രീധരന്‍, സഹകരണ വകുപ്പ് ഉദ്യോഗസ്ഥനായിരുന്ന ഇ. മുരളീധരന്‍, കോഴിക്കോട് ജില്ലാ സഹകരണ ആശുപത്രി സി.ഇ.ഒ എ.വി സന്തോഷ് കുമാര്‍ എന്നിവരടങ്ങിയ ജൂറി കമ്മിറ്റിയാണ് പുരസ്‌കാര ജേതാവിനെ തെരഞ്ഞെടുത്തത്.