കിളികൊല്ലൂരില്‍ സഹോദരങ്ങള്‍ ഇരയായത് പോലിസ് മര്‍ദ്ദനത്തിന്

കിളികൊല്ലൂരില്‍ സഹോദരങ്ങള്‍ ഇരയായത് പോലിസ് മര്‍ദ്ദനത്തിന്

കൊല്ലം: കിളികൊല്ലൂരില്‍ പോലിസ് സ്‌റ്റേഷനില്‍ സഹോദരനും സൈനികനും മര്‍ദ്ദനമേറ്റെന്ന് പോലിസ്. വിഷയം നിയമപരമായി കൈകാര്യം ചെയ്യുന്നതില്‍ വീഴ്ചയുണ്ടായെന്ന് കൊല്ലം സിറ്റി പോലിസ് കമ്മീഷണര്‍ റിപ്പോര്‍ട്ട് നല്‍കി. യുവാക്കളും പോലിസും തമ്മിലെ തര്‍ക്കമാണ് മര്‍ദ്ദനത്തിന് കാരണമെന്നും പോലിസ് വ്യക്തമാക്കി. സഹോദരങ്ങളെ മര്‍ദ്ദിച്ച ഉദ്യോഗസ്ഥര്‍ക്കെതിരേ വകുപ്പുതല നടപടിക്ക് ശുപാര്‍ശ ചെയ്തിട്ടുണ്ട്. കേസുമായി മുന്നോട്ട് പോകാനാണ് സഹോദരങ്ങളുടെ തീരുമാനം. സംഭവത്തില്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കുമെന്ന് പി.സി വിഷ്ണുനാഥ് എം.എല്‍.എ പറഞ്ഞു.
കേസില്‍ റിപ്പോര്‍ട്ട് തേടാന്‍ ഡി.ജി.പി അനില്‍ കാന്ത് തിരുവനന്തപുരം റേഞ്ച് ഡിഐജിക്ക് നിര്‍ദേശം നല്‍കിയിരുന്നു. മര്‍ദനത്തില്‍ നടപടി നാല് പോലിസുകാര്‍ക്കെതിരേ മാത്രമാണ് എടുത്തിരുന്നത് ആരോപണവിധേയനായ സി.ഐക്കെതിരെ നടപടിയെടുത്തിരുന്നില്ല. പോലീസുകാര്‍ക്കെതിരെ കൂടുതല്‍ നടപടി ആവശ്യപ്പെട്ട് കുടുംബം രംഗത്ത് എത്തിയതിന് പിന്നാലെയായിരുന്നു ഡി.ജി.പിയുടെ ഇടപെടല്‍.

സൈനികനായ വിഷ്ണു വിവാഹത്തിനായി നാട്ടിലെത്തിയ സമയത്താണ് കിളികൊല്ലൂര്‍ പൊലീസിന്റെ ക്രൂരത അരങ്ങേറിയത്. എംഡിഎംഎയുമായി നാലുപേര്‍ പിടിയിലായ സംഭവത്തില്‍ ഒരാള്‍ക്ക് ജാമ്യം എടുക്കാനായാണ് സൈനികന്റെ സഹോദരന്‍ വിഘ്നേഷിനെ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയത്. എന്നാല്‍ മയക്കുമരുന്ന് കേസാണെന്ന് അറിഞ്ഞതോടെ വിഘ്നേഷ് ജാമ്യം നില്‍ക്കാന്‍ തയ്യാറായില്ല.

തുടര്‍ന്ന് സ്റ്റേഷന് പുറത്തേക്ക് പോയ വിഘ്നേഷും ഒരു പോലിസുകാരനും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. ഇതിനിടെ വിഷ്ണുവും ഇവിടേക്കെത്തി. തുടര്‍ന്നാണ് രണ്ടുപേരെയും പോലിസുകാര്‍ സ്റ്റേഷനകത്തേക്ക് കൊണ്ടുപോയി ക്രൂരമായി മര്‍ദിച്ചത്. പിന്നീട് പോലിസുണ്ടാക്കിയ തിരക്കഥ. ഇങ്ങനെ എം.ഡി.എം.എ കേസിലെ പ്രതികള്‍ക്കായി സ്റ്റേഷനിലെത്തിയ സഹോദരങ്ങള്‍ പോലിസിനെ ആക്രമിച്ചെന്നും എ.എസ്.ഐയെ പരുക്കേല്‍പ്പിച്ചെന്നുമായിരുന്നു. ഇത് സംബന്ധിച്ച വാര്‍ത്താ കുറിപ്പും പുറത്തിറക്കി. 2 ദിവസമാണ് സൈനികനായ വിഷ്ണുവിനും വിഘ്നേഷിനും ജയിലില്‍ കഴിയേണ്ടിവന്നത്. ജാമ്യത്തില്‍ ഇറങ്ങിയ ഇരുവരും മജിസ്ട്രേറ്റിന് നല്‍കിയ മൊഴിയില്‍ നടത്തിയ ആഭ്യന്തര അന്വേഷണത്തില്‍ പോലിസുണ്ടാക്കിയ നാടകമാണ് നിരപരാധികളെ കുടുക്കിയതെന്ന് തെളിഞ്ഞു.
വിഷ്ണുവും വിഘ്‌നേശും പോലിസ് സ്റ്റേഷനില്‍ വച്ച് അതിക്രൂരമായ മര്‍ദ്ദനത്തിനിരയായെന്ന് മുറിപ്പാടുകളും ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റും സാക്ഷ്യപ്പെടുത്തുന്നു. കേസില്‍ പ്രതിയായതിനെ തുടര്‍ന്ന് സൈനികനായ വിഷ്ണുവിന്റെ കല്യാണവും മുടങ്ങിയിരുന്നു. കൊല്ലം കിളികൊല്ലൂര്‍ പോലിസ് സ്റ്റേഷനില്‍ സൈനികനും സഹോദരനും ചേര്‍ന്ന് ആക്രമണം നടത്തിയെന്ന വാര്‍ത്ത മാധ്യമങ്ങളില്‍ ഇടംപിടിച്ചിരുന്നു. രണ്ട് മാസം മുന്‍പ് നടന്ന ഈ സംഭവം ഇപ്പോഴിതാ പോലിസ് നാടകമാണെന്ന് തെളിഞ്ഞിരിക്കുകയാണ്. സ്റ്റേഷനില്‍ വെച്ച് സൈനികനും സഹോദരനും അതിക്രൂരമായ മര്‍ദ്ദനമാണ് ഏറ്റുവാങ്ങേണ്ടി വന്നത് എന്നാണ് കണ്ടെത്തല്‍.

Share

Leave a Reply

Your email address will not be published. Required fields are marked *