കോഴിക്കോട്: വൈജാത്യങ്ങൾ നിലനിൽക്കുമ്പോഴും വിവിധ സമൂഹങ്ങൾ ഐക്യത്തോടെ സഹവർത്തിക്കുന്ന ഇന്ത്യയിലെ ബഹുസ്വരത ലോകരാജ്യങ്ങൾക്ക് മാതൃകയാണെന്ന് ഇസ്ലാമിക് യൂണിവേഴ്‌സിറ്റീസ് ലീഗ് ജനറൽ സെക്രട്ടറി ഡോ. ഉസാമ മുഹമ്മദ് അൽ അബ്ദ്. അന്താരാഷ്ട്ര കാലാവസ്ഥാ ഉച്ചകോടിയിൽ പങ്കെടുക്കാനെത്തിയ വിദേശ പ്രതിനിധികൾക്ക് മർകസിൽ നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രകൃതി ഭംഗിയെ പോലെത്തന്നെ വൈവിധ്യങ്ങളും ജനങ്ങളുടെ പെരുമാറ്റ രീതിയും ഇന്ത്യയെ കൂടുതൽ മനോഹരമാക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. അറിവിന്റെ പ്രചാരണത്തിനും കൈമാറ്റത്തിനുമായി വിവിധ സർവകലാശാലകളും സമൂഹങ്ങളും ചേർന്ന് പ്രവർത്തിക്കേണ്ടത് അനിവാര്യമാണ്. അറിവിന്റെ വ്യാപനത്തിലൂടെ മാത്രമേ സംസ്‌കാര സമ്പന്നമായ സമൂഹത്തെ സൃഷ്ടിക്കാൻ സാധിക്കുകയുള്ളു. സർവകലാശാലകളുടെ കൂട്ടായ്മകളിലൂടെയും വിവിധ പണ്ഡിതർ ഒന്നിക്കുന്ന സെമിനാറുകളിലൂടെയും വലിയ മാറ്റങ്ങൾ ലോകത്ത് ഉണ്ടാക്കാനാവും- അദ്ദേഹം കൂട്ടിച്ചേർത്തു.
സ്വീകരണ സംഗമത്തിൽ ഡോ. അബ്ദുൽ ലത്തീഫ് ബൂ അസീസ് ടുണീഷ്യ, ഡോ. നബീൽ സാമാലൂത്വീ ഈജിപ്ത്, ഡോ. അബ്ദുൽ ഫത്താഹ് അൽ ബസം ദമസ്‌കസ്, ഖാളി മഹ്മൂദ് ഹുബാഷ് ഫലസ്തീൻ, ഖാലിദ് സുൽഹ് ലബനാൻ, അബ്ദുൽ റഊഫ് മഹ്രി സ്വീഡൻ, ഡോ. മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരി, ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട് സംസാരിച്ചു.