തിരുവനന്തപുരം: ബലാത്സംഗ കേസില്‍ പ്രതിയായതിനെ തുടര്‍ന്ന് ഒളിവില്‍പ്പോയ എല്‍ദോസ് കുന്നപ്പിള്ളില്‍ എം.എല്‍.എയ്ക്കെതിരേ കോണ്‍ഗ്രസ് എം.പി കെ. മുരളീധരന്‍. ഇതുപോലത്തെ ഞരമ്പുരോഗികള്‍ എല്ലാ പാര്‍ട്ടികളിലുമുണ്ടെന്നും പാര്‍ട്ടി നടപടി വൈകിയെന്നാണ് വ്യക്തിപരമായ അഭിപ്രായമെന്നും മുരളീധരന്‍ തിരുവനന്തപുരത്ത് പറഞ്ഞു. എല്‍ദോസ് കുന്നപ്പിള്ളില്‍ കെ.പി.സി.സിക്ക് വിശദീകരണം നല്‍കാനുള്ള സമയം ഇന്ന് അവസാനിക്കും. അനുവദിച്ച സമയത്തിനുള്ളില്‍ എം.എല്‍.എ വിശദീകരണം നല്‍കിയില്ലെങ്കില്‍ കടുത്ത അച്ചടക്ക നടപടിയുണ്ടാകും.
കേസില്‍ ഉള്‍പ്പെട്ടതിന് പുറമേ ഒളിവില്‍ പോയത് പാര്‍ട്ടിക്ക് വലിയ ക്ഷീണമുണ്ടാക്കിയെന്നാണ് വിലയിരുത്തല്‍. അതിനാല്‍ത്തന്നെ വിശദീകരണം നല്‍കിയാലും എല്‍ദോസിനെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്‌തേക്കുമെന്നാണ് വിവരം. കേസില്‍ എം.എല്‍.എയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ തിരുവനന്തപുരം സെഷന്‍സ് കോടതി ഇന്ന് വിധി പറഞ്ഞേക്കും. യുവതിയെ തട്ടികൊണ്ടുപോയി ദേഹോപദ്രവം ചെയ്തതിനാണ് പോലിസ് ആദ്യം കേസെടുത്തത്. യുവതി തുടര്‍ന്ന് നല്‍കിയ മൊഴിയിലാണ് ലൈംഗിക അതിക്രമത്തിനെതിരായ വകുപ്പ് കൂടി ചുമത്തിയത്. തുടര്‍ന്ന്, ജാമ്യ ഹരജിയില്‍ വാദം പൂര്‍ത്തിയായതോടെ, എല്‍ദോസിനെതിരെ വധശ്രമ വകുപ്പ് കൂടി പോലിസ് ചുമത്തി.