തിരുവനന്തപുരം: 15 സെനറ്റ് അംഗങ്ങളെ പിന്‍വലിച്ച് ഇന്നുതന്നെ ഉത്തരവിറക്കണം എന്ന് കേരള സര്‍വകലാശാല വി.സിക്ക് അന്ത്യശാസനവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. സെനറ്റ് അംഗങ്ങളെ പിന്‍വലിച്ചത് ചട്ടവിരുദ്ധമാണെന്നും അംഗങ്ങളെ പിന്‍വലിച്ചത് റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് ഗവര്‍ണര്‍ക്ക് വി.സി കത്തയച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് ഇന്ന് തന്നെ ഉത്തരവിറക്കണമെന്ന അന്ത്യശാസനവുമായി ഗവര്‍ണര്‍ രംഗത്തെത്തിയത്
കഴിഞ്ഞ 11ന് കേരള സര്‍വകലാശാല വിസി വിളിച്ച സെനറ്റ് യോഗത്തില്‍ പങ്കെടുക്കാത്തതും തന്റെ നോമിനികളുമായ 15 പേരെ പിന്‍വലിക്കുന്നതായി അറിയിച്ച് ശനിയാഴ്ചയാണ് ഗവര്‍ണര്‍ വി.സിക്ക് കത്തയച്ചത്. പുതിയ വി.സിയെ തെരഞ്ഞെടുക്കുന്നതിനുള്ള സെര്‍ച്ച് നിര്‍ണയ സമിതിയിലേക്കുള്ള കേരള സര്‍വകലാശാല പ്രതിനിധിയെ നിര്‍ദേശിക്കാന്‍ ചേര്‍ന്ന സെനറ്റ് യോഗത്തില്‍ പങ്കെടുക്കാതിരുന്ന അംഗങ്ങള്‍ക്കെതിരേയായിരുന്നു ഗവര്‍ണറുടെ അസാധാരണ നടപടി. നാല് വകുപ്പ് മേധാവിമാരും രണ്ട് പേര്‍ സിന്‍ഡിക്കേറ്റ് അംഗങ്ങളും പിന്‍വലിക്കപ്പെട്ടവരില്‍ ഉള്‍പ്പെടും.
സര്‍വകലാശാല വകുപ്പ് തലവന്‍മാരായ ഡോ. കെ.എസ് ചന്ദ്രശേഖര്‍ (ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ഇന്‍ കേരള), ഡോ. കെ. ബിന്ദു (സംഗീതം), ഡോ. സി.എ ഷൈല (സംസ്‌കൃതം), ഡോ. ബിനു ജി. ഭീംനാഥ്, തിരുവനന്തപുരം ഗവ. മോഡല്‍ എച്ച്.എസ്.എസ് പ്രധാനാധ്യാപകന്‍ ആര്‍.എസ് സുരേഷ് ബാബു, കോട്ടണ്‍ഹില്‍ ഗവ. പി.പി.ടി.ടി.ഐ പ്രിന്‍സിപ്പല്‍ ടി.എസ് യമുനാദേവി, കടയ്ക്കല്‍ കുറ്റിക്കാട് സി.പി.എച്ച്.എസ്.എസ്.എസ് അധ്യാപകന്‍ ജി.കെ ഹരികുമാര്‍, വര്‍ക്കല പാളയംകുന്ന് ജി.എച്ച്.എസ്.എസിലെ അധ്യാപകന്‍ വി. അജയകുമാര്‍, പി.എ ഹാരീസ് ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ഷെയ്ക്ക് പി.ഹാരീസ്, കയര്‍ ഫ്‌ളക്‌സ് എക്‌സ്‌പോര്‍ട്ട് കമ്പനി ചെയര്‍മാന്‍ ജോയ് സുകുമാരന്‍, ക്യാപിറ്റല്‍ കളര്‍ പാര്‍ക്ക് ഉടമ ജി. പത്മകുമാര്‍, മലയാളം കമ്മ്യൂണിക്കേഷന്‍സ് ന്യൂസ് ഡയറക്ടര്‍ എന്‍.പി ചന്ദ്രശേഖരന്‍, അഡ്വ. ജി. മുരളീധരന്‍ പിള്ള, ഡോ. പി. അശോകന്‍ (എസ്.പി ഫോര്‍ട്ട് ഹോസ്പിറ്റല്‍), അഡ്വ. ബി. ബാലചന്ദ്രന്‍ എന്നിവരുടെ അംഗത്വം പിന്‍വലിക്കാനായിരുന്നു ഗവര്‍ണറുടെ തീരുമാനം.
ഗവര്‍ണറുടെ സെക്രട്ടറിയുടെ അറിയിപ്പ് ആനുസരിച്ച് സര്‍വകലാശാല വൈസ് ചാന്‍സലര്‍ക്ക് നടപടി സ്വീകരിക്കാന്‍ സാധിക്കില്ലെന്നും ചാന്‍സലര്‍ ഒപ്പിട്ട രേഖ അനുസരിച്ചുമാത്രമെ അത് കഴിയൂ എന്നും കത്തില്‍ വ്യക്തമാക്കുന്നു. അയോഗ്യരാക്കിയവര്‍ അവധി സംബന്ധിച്ച ഔദ്യോഗിക നടപടികള്‍ സ്വീകരിച്ചവരാണ്. അതിനാല്‍ അംഗങ്ങളുടെ വിശദീകരണം തേടാതെയുള്ള നടപടി ചട്ടവിരുദ്ധമാണെന്ന് കത്തില്‍ വ്യക്തമാക്കുന്നു. പ്രസക്തമായ കോടതി വിധികള്‍ കൂടി ഉദ്ധരിച്ചാണ് വി.സി മറുപടികത്ത് അയച്ചത്.