മാഹി: കെ. രാഘവന്‍ മാസ്റ്റര്‍ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ ‘രാഘവന്‍ മാസ്റ്റര്‍ അനുസ്മരണം’ നടത്തി. കലാഗ്രാമം സംഗീത വിഭാഗം തലവനായിരുന്ന കെ.രാഘവന്‍ മാസ്റ്റര്‍ക്ക് സംഗീതാര്‍ച്ചന നടത്താന്‍ മാസ്റ്ററുടെ ശിഷ്യരും വിദൂരങ്ങളില്‍ നിന്നടക്കമെത്തിയ ഗായകരും സംബന്ധിച്ചു. അഡ്വ. ഹരിദാസ്, സുജ നരേന്‍, റീന തിരൂര്‍, കെ.പി.എ.സി പൊന്നമ്മ, സിദ്ധീഖ് മണ്ണാര്‍ക്കാട്, ജയന്‍ പരമേശ്വരന്‍, റാണി ജോയ് പീറ്റര്‍, മണികണ്ഠന്‍ ചേളന്നൂര്‍, വേലായുധന്‍ എടച്ചേരിയന്‍, വാസുദേവന്‍ മേലടി തുടങ്ങിയവര്‍ ഗാനാഞ്ജലിയില്‍ പങ്കാളികളായി. അനുസ്മരണ സമ്മേളനം ആകാശവാണി മുന്‍ സ്റ്റേഷന്‍ ഡയരക്ടര്‍ ബാലകൃഷ്ണന്‍ കൊയ്യാല്‍ ഉദ്ഘാടനം ചെയ്തു. അന്നേവരെ നിലനിന്ന നടപ്പ് സംഗീതശീലങ്ങളെയാകെ മാറ്റിമറിച്ച് പുതിയ ദര്‍ശനം ഓരോ പാട്ടിലൂടേയും കാഴ്ചവെച്ചാണ് രാഘവന്‍ മാഷ് പിന്നണി ഗാന ശാഖയെ കീഴടക്കിയതെന്ന് അദ്ദേഹം പറഞ്ഞു. പിന്നണി ഗായകനും ഫൗണ്ടേഷന്‍ പ്രസിഡന്റുമായ വി.ടി മുരളി അധ്യക്ഷത വഹിച്ചു. ,ഡോ.എ.പി ശ്രീധരന്‍, ഡോ. മഹേഷ് മംഗലാട്ട്, മുകുന്ദന്‍ മഠത്തില്‍, ചാലക്കര പുരുഷു, ഗായിക പൊന്നമ്മ സംസാരിച്ചു. തുടര്‍ന്ന് പ്രശസ്ത സംഗീതജ്ഞന്‍ ആനയടി പ്രസാദിന്റെ സംഗിത കച്ചേരിയുമുണ്ടായി.