ന്യൂഡല്‍ഹി: 24 വര്‍ഷത്തിനുശേഷം കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്ക് വിജയം. എതിരാളിയായ ശശി തരൂര്‍ എം.പിയെ ബഹുദൂരം പിന്നിലാക്കിയാണ് ഖാര്‍ഗെയുടെ വിജയം. 2014ലെയും 2019-ലെയും പൊതുതിരഞ്ഞെടുപ്പുകളിലെ തുടര്‍ച്ചയായ രണ്ട് പരാജയങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് രാഹുല്‍ ഗാന്ധി സ്ഥാനമൊഴിഞ്ഞപ്പോള്‍ സോണിയാ ഗാന്ധി വീണ്ടും പാര്‍ട്ടിയുടെ താല്‍ാലിക അധ്യക്ഷ സ്ഥാനത്ത് എത്തുകയായിരുന്നു. പിന്നീട് നിരവധി തവണ സോണിയ അധ്യക്ഷ സ്ഥാനം ഒഴിയാന്‍ തയ്യാറായതിന് ശേഷമാണ് തിരഞ്ഞെടുപ്പ് നടന്നത്. ആകെ 9385 വോട്ടുകളാണ് പോള്‍ ചെയ്തത്. എ.ഐ.സി.സിയിലും പി.സി.സികളിലുമായി 67 പോളിങ് ബൂത്തുകളും ഭാരത് ജോഡോ യാത്രയില്‍ ഒരു ബൂത്തുമാണ് സജ്ജീകരിച്ചിരുന്നത്. ആകെ വോട്ടുകളില്‍ 7897 വോട്ട് ഖാര്‍ഗെയും 1072 വോട്ട് ശശി തരൂരും നേടി.
ഗാന്ധി കുടുംബത്തിന്റെ പിന്തുണയോടെ മത്സരത്തിനിറങ്ങിയ ഖാര്‍ഗെയുടെ വിജയം നേരത്തെ തന്നെ ഉറപ്പുള്ളതായിരുന്നു. മൂന്ന് തവണ കര്‍ണാടക മുഖ്യമന്ത്രി സ്ഥാനം നഷ്ടപ്പെട്ട മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഒടുവില്‍ കോണ്‍ഗ്രസിന്റെ ഏറ്റവും ഉന്നത സ്ഥാനത്തേക്ക് തന്നെ അവരോധിക്കപ്പെട്ടിരിക്കുകയാണ്. 1999, 2004, 2013 വര്‍ഷങ്ങളില്‍ കര്‍ണാടക മുഖ്യമന്ത്രി സ്ഥാനം ഖാര്‍ഗെയ്ക്ക് നഷ്ടമായിരുന്നു. യഥാക്രമം എസ്.എം കൃഷ്ണ, ധരം സിംഗ്, സിദ്ധരാമയ്യ എന്നിവരായിരുന്നു മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്ക് പകരം മുഖ്യമന്ത്രിയായത്.
വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെ കോണ്‍ഗ്രസില്‍ സജീവമായ 80 കാരനായ മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഒമ്പത് തവണ എം.എല്‍.എയായിരുന്നു. നിലവില്‍ കോണ്‍ഗ്രസിലെ ഏറ്റവും പ്രധാനപ്പെട്ട ദലിത് മുഖവുമാണ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ. ലോക്‌സഭയിലും രാജ്യസഭയിലും കോണ്‍ഗ്രസിനെ പ്രതിനിധീകരിച്ച് മല്ലികാര്‍ജുന്‍ ഖാര്‍ഗെ എത്തിയിരുന്നു. 1969ല്‍ തന്റെ ജന്മനാടായ ഗുല്‍ബര്‍ഗയിലെ സിറ്റി കോണ്‍ഗ്രസ് പ്രസിഡന്റായി നിയമിതനായതു മുതലാണ് ഖാര്‍ഗെ നേതൃസ്ഥാനത്തേക്ക് എത്തുന്നത്. 1972ല്‍ ആണ് ആദ്യമായി നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ചത്. 1976ല്‍ ദേവരാജ് ഉര്‍സ് സര്‍ക്കാരില്‍ ആദ്യമായി മന്ത്രിയായി. 2004 ലെ ആദ്യ മന്‍മോഹന്‍സിങ് സര്‍ക്കാരില്‍ തൊഴില്‍ മന്ത്രിയായി. തുടര്‍ന്ന് റെയില്‍വേ, സാമൂഹിക നീതി, ശാക്തീകരണം എന്നിവയുടെ ചുമതലയും നല്‍കി. 2014 ല്‍ കോണ്‍ഗ്രസ് നാണംകെട്ട തോല്‍വി ഏറ്റുവാങ്ങുകയും ലോക്സഭയില്‍ കേവലം 44 അംഗങ്ങളായി ചുരുങ്ങുകയും ചെയ്തതോടെ മല്ലികാര്‍ജുന്‍ ഖാര്‍ഗെ ലോക്‌സഭയിലെ കോണ്‍ഗ്രസിന്റെ നിയമസഭാ കക്ഷി നേതാവായി. 2021 ഫെബ്രുവരിയില്‍ അദ്ദേഹത്തെ രാജ്യസഭയിലെ പ്രതിപക്ഷ നേതാവാക്കി.