കോണ്‍ഗ്രസിനെ ആര് നയിക്കും; ഖാര്‍ഗെയോ തരൂരോ?

കോണ്‍ഗ്രസിനെ ആര് നയിക്കും; ഖാര്‍ഗെയോ തരൂരോ?

ന്യൂഡല്‍ഹി: കോണ്‍ഗ്രസ്സിന്റെ പുതിയ അധ്യക്ഷനെ ഇന്നറിയാം. രാവിലെ പത്ത് മണി മുതല്‍ എ.ഐ.സി.സി ആസ്ഥാനത്ത് വോട്ടെണ്ണല്‍ തുടങ്ങും. 68 ബാലറ്റ് പെട്ടികള്‍ പത്ത് മണിയോടെ സ്ട്രോങ് റൂമില്‍ നിന്ന് പുറത്തെടുക്കും. ബാലറ്റ് പേപ്പറുകള്‍ കൂട്ടി കലര്‍ത്തി, നൂറ് എണ്ണം വീതമുളള ഓരോ കെട്ടാക്കി മാറ്റും. തുടര്‍ന്ന് നാല് മുതല്‍ ആറ് ടേബിളുകളിലായി വോട്ടെണ്ണല്‍ നടക്കും. ഉച്ചക്ക് ശേഷമാണ് ഫലപ്രഖ്യാപനം.

തെരഞ്ഞെടുപ്പില്‍ കനത്ത പോളിങ്ങാണ് രേഖപ്പെടുത്തിയത്. ആകെയുള്ള 9915 വോട്ടര്‍മാരില്‍ 9497 പേര്‍ (95.78%) വോട്ട് ചെയ്തു. എല്ലാ സംസ്ഥാനങ്ങളിലും 90 ശതമാനത്തിലധികം പോളിങ്ങുണ്ട്. കേരളത്തില്‍ 95.76% ആണു പോളിങ്. അട്ടിമറിയൊന്നും ആരും പ്രതീക്ഷിക്കുന്നില്ല. ഖാര്‍ഗെയുടെ വിജയം നേതൃത്വം ഉറപ്പിച്ചു കഴിഞ്ഞു. അദ്ഭുതങ്ങളൊന്നും സംഭവിച്ചില്ലെങ്കില്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ തന്നെ പ്രസിഡന്റാകും. ഖാര്‍ഗെയുടെ ഭൂരിപക്ഷം കുറച്ച്, പരമാവധി വോട്ട് പിടിക്കാനാകുമെന്ന പ്രതീക്ഷയിലാണു ശശി തരൂര്‍. 1000ലധികം വോട്ടുനേടി ശക്തി കാട്ടാന്‍ ആകുമെന്നാണ് തരൂര്‍ പക്ഷത്തിന്റെ വിശ്വാസം.

അതേസമയം, പോളിങ്ങില്‍ വ്യാപക ക്രമക്കേട് നടന്നെന്നാണ് ശശി തരൂരിന്റെ പരാതി. ഉത്തര്‍പ്രദേശിലെയും തെലങ്കാനയിലെയും വോട്ടുകള്‍ എണ്ണരുതെന്നും തരൂര്‍ ആവശ്യപ്പെട്ടു. പല സംസ്ഥാനങ്ങളിലെയും ബാലറ്റ് പെട്ടികള്‍ എ.ഐ.സി.സി.യില്‍ എത്താന്‍ വൈകി എന്നും പരാതിയുണ്ട്. പ്രമുഖ ദേശീയനേതാക്കളെല്ലാം ഖാര്‍ഗെയെ പിന്തുണയ്ക്കുമ്പോള്‍ സാധാരണപ്രവര്‍ത്തകരും യുവ നേതാക്കളും കൂടെയുണ്ടെന്ന ആത്മവിശ്വാസമായിരുന്നു പ്രചാരണത്തിലുടനീളം തരൂര്‍ പ്രകടിപ്പിച്ചത്.

Share

Leave a Reply

Your email address will not be published. Required fields are marked *