തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകന്‍ കെ.എം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതികള്‍ക്കെതിരായ നരഹത്യാ വകുപ്പ് ഒഴിവാക്കി തിരുവനന്തപുരം ഒന്നാം അഡീഷനല്‍ ജില്ലാ സെഷന്‍സ് കോടതി. വാഹനപകട കേസില്‍ മാത്രമായിരിക്കും ഇനി വിചാരണ. ഒന്നാം പ്രതി ശ്രീറാം വെങ്കിട്ടരാമന്‍, രണ്ടാം പ്രതി വഫ ഫിറോസ് എന്നിവര്‍ നല്‍കിയ വിടുതല്‍ ഹരജിയിലാണ് ഉത്തരവ്. തനിക്കെതിരായ കുറ്റപത്രം അടിസ്ഥാനരഹിതമാണെന്നും വിചാരണ കൂടാതെ വിട്ടയയ്ക്കണമെന്നുമാണ് ശ്രീറാം ആവശ്യപ്പെട്ടത്. മദ്യപിച്ച് വാഹനമോടിച്ചുവെന്ന് തെളിയിക്കാന്‍ പോലിസിന് കഴിഞ്ഞിട്ടില്ല. എഫ്.ഐ.ആറില്‍ താന്‍ പ്രതിയല്ല. രക്തസാംപിള്‍ എടുക്കാന്‍ വിമുഖത കാട്ടിയില്ലെന്നും പോലിസാണ് വൈകിപ്പിച്ചതെന്നും ശ്രീറാം കോടതിയില്‍ ബോധിപ്പിച്ചിരുന്നു.
അതേസമയം സംഭവം നടന്ന ഉടന്‍ രക്തസാംപിളെടുത്തിരുന്നെങ്കില്‍ രക്തത്തില്‍ മദ്യത്തിന്റെ അംശം കണ്ടെത്തുമായിരുന്നെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. പരിശോധനയില്‍ രക്തത്തില്‍ മദ്യത്തിന്റെ അംശം ലഭ്യമാകുന്ന പരമാവധി സമയം എട്ടുമണിക്കൂറാണ്. അതുകഴിഞ്ഞ ശേഷമാണ് രക്തമെടുക്കാന്‍ പ്രതി അനുമതി നല്‍കിയത്. മദ്യത്തിന്റെ മണമുണ്ടായിരുന്നതായി ശ്രീറാമിനെ പരിശോധിച്ച ജനറല്‍ ആശുപത്രിയിലെ ഡ്യൂട്ടി ഡോക്ടര്‍ സര്‍ട്ടിഫിക്കറ്റില്‍ എഴുതിയിട്ടുണ്ട്. അതിനാല്‍ പ്രഥമ ദൃഷ്ട്യാ കേസ് നിലനില്‍ക്കുമെന്നും വിടുതല്‍ ഹരജി അനുവദിക്കരുതെന്നും പ്രോസിക്യൂഷന്‍ കോടതിയെ ബോധിപ്പിച്ചത്.
വഫ നല്‍കിയ വിടുതല്‍ ഹര്‍ജിയില്‍ നേരത്തെ വാദം പൂര്‍ത്തിയാക്കിയിരുന്നു. മദ്യപിച്ച് അമിത വേഗത്തില്‍ വാഹനമോടിക്കാന്‍ ഒന്നാം പ്രതിയായ ശ്രീറാം വെങ്കിട്ടരാമനെ പ്രേരിപ്പിച്ചുവെന്നാണ് വഫക്കെതിരായ കുറ്റം. എന്നാല്‍ താന്‍ ഒരു കുറ്റവും ചെയ്തിട്ടില്ലെന്നും സാക്ഷികള്‍ തനിക്കെതിരേ മൊഴി നല്‍കിയിട്ടില്ലെന്നുമായിരുന്നു വഫയുടെ വാദം.