ചെന്നൈ: ജയലളിതയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന അറുമുഖസാമി അന്വേഷണ സമിതിയുടെ റിപ്പോര്‍ട്ടില്‍ പ്രതികരിച്ച് അണ്ണാ ഡി.എം.കെ മുന്‍ നേതാവ് വി.കെ ശശികല. ജയലളിതയുടെ ചികിത്സയില്‍ ഒരിക്കലും ഇടപെട്ടിട്ടില്ല. ഇക്കാര്യത്തില്‍ അന്വേഷണം നേരിടാന്‍ തയ്യാറാണ്. ജയലളിതയെ വിദേശചികിത്സക്ക് കൊണ്ടുപോകുന്നത് താന്‍ തടഞ്ഞിട്ടില്ല. ചികിത്സാകാര്യങ്ങളെല്ലാം മെഡിക്കല്‍ സംഘത്തിന്റെ കൂട്ടായ തീരുമാനമായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ തനിക്കെതിരെയുള്ള എല്ലാ ആരോപണങ്ങളും നിഷേധിക്കുന്നതായി ശശികല പറഞ്ഞു.
മുന്‍ തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ മരണം സംബന്ധിച്ച് ദുരൂഹതയുണ്ടെന്നായിരുന്നു ജസ്റ്റിസ് അറുമുഖ സ്വാമി കമ്മീഷന്റെ റിപ്പോര്‍ട്ട്. ജയലളിതയുടെ തോഴി ശശികല, മുന്‍ ആരോഗ്യമന്ത്രി, ആരോഗ്യ സെക്രട്ടറി എന്നിവരടക്കം വിചാരണ നേരിടണമെന്നും റിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്തിരുന്നു. ജയലളിതയുടെ മരണം സംഭവിച്ച് ഒരു ദിവസത്തിന് ശേഷമാണ് മരണവിവരം പുറത്തുവിട്ടതെന്നും റിപ്പോര്‍ട്ടില്‍ ആരോപണമുണ്ട്.
ദൂരവ്യാപകമായ രാഷ്ട്രീയ തുടര്‍ചലനങ്ങള്‍ ഉണ്ടാക്കിയേക്കാവുന്ന കണ്ടെത്തലുകളായിരുന്നു കഴിഞ്ഞ ദിവസം തമിഴ്‌നാട് നിയമസഭയുടെ മേശപ്പുറത്ത് വച്ച അറുമുഖസ്വാമി അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ടിലുണ്ടായിരുന്നത്. ജയലളിതയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച 2016 സെപ്റ്റംബര്‍ 22 മുതലുള്ള സകല വിവരങ്ങളും സര്‍ക്കാര്‍ ഗോപ്യമാക്കി വച്ചു. ഗുരുതര ഹൃദ്രോഗമുണ്ടായിരുന്ന ജയലളിതയ്ക്ക് അമേരിക്കയിലുള്ള ഡോക്ടര്‍മാര്‍ ആന്‍ജിയോപ്ലാസ്റ്റിയോ ശസ്ത്രക്രിയയോ വേണമെന്ന് ശുപാര്‍ശ ചെയ്തിരുന്നെങ്കിലും ചെയ്തില്ല. എയിംസിലെ മെഡിക്കല്‍ സംഘം ചികിത്സാ കാലയളവിനിടെ ജയലളിത ചികിത്സയിലിരുന്ന അപ്പോളോ ആശുപത്രി സന്ദര്‍ശിച്ചെങ്കിലും അവിടെ മുന്‍ മുഖ്യമന്ത്രിക്ക് ശരിയായ ചികിത്സ കിട്ടിയില്ല.
ജയലളിതയുടെ ആരോഗ്യനിലയെപ്പറ്റി ചികിത്സാസംഘം വ്യാജ പ്രസ്താവനകളിറക്കി. ജയലളിതയുടെ തോഴിയും അണ്ണാ ഡി.എം.കെ മുന്‍ ജനറല്‍ സെക്രട്ടറിയുമായ വി.കെ ശശികല, ഡോ. കെ.എസ് ശിവകുമാര്‍, അന്നത്തെ ആരോഗ്യ സെക്രട്ടറി ഡോ. ജെ. രാധാകൃഷ്ണന്‍, മുന്‍ ആരോഗ്യമന്ത്രി സി. വിജയഭാസ്‌കര്‍ എന്നിവര്‍ക്കെതിരേ അന്വേഷണം വേണമെന്നും റിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്തിരുന്നു. ജയലളിതയുടെ മരണസമയത്ത് തമിഴ്‌നാട് ചീഫ് സെക്രട്ടറിയായിരുന്ന ഡോ. രാമമോഹന റെഡ്ഡിക്കെതിരെയും 608 പേജുള്ള റിപ്പോര്‍ട്ടില്‍ ഗുരുതര പരാമര്‍ശങ്ങളുണ്ട്.
ജയലളിത മരിച്ച് ഒരു ദിവസമെങ്കിലും കഴിഞ്ഞാണ് മരണവിവരം പുറത്തുവിട്ടത്. 2016 ഡിസംബര്‍ അഞ്ചിന് രാത്രി 11.30ന് മരിച്ചതായാണ് ഔദ്യോഗിക സ്ഥിരീകരണം വന്നത്. എന്നാല്‍ ഡിസംബര്‍ നാലിന് ഉച്ചക്ക് ശേഷം മൂന്നിനും 3.30നും ഇടയിലാകണം മരണമെന്ന് തെളിവുകളേയും ദൃക്‌സാക്ഷികളേയും ഉദ്ധരിച്ച് റിപ്പോര്‍ട്ടില്‍ പറയുന്നു. മുന്‍ മുഖ്യമന്ത്രി പനീര്‍ശെല്‍വമടക്കം 154 സാക്ഷികളെയാണ് കമ്മീഷന്‍ വിസ്തരിച്ചത്. 2017ല്‍ രൂപീകരിച്ച കമ്മീഷന്റെ കാലാവധി 14 തവണ നീട്ടി നല്‍കിയിരുന്നു. റിപ്പോര്‍ട്ടിന്‍മേല്‍ ഡി.എം.കെ സര്‍ക്കാര്‍ നടപടി എന്താവുമെന്നാണ് ഇനി അറിയേണ്ടത്.