കോഴിക്കോട്: പൊതുജനങ്ങളെ ശാസ്ത്രീയ പരിശീലനം സിദ്ധിച്ച ജീവന്‍ രക്ഷകരാക്കി മാറ്റുക എന്ന ദൗത്യവുമായി ആസ്റ്റര്‍ ഹോസ്പിറ്റല്‍ എമര്‍ജന്‍സി വിഭാഗം സംഘടിപ്പിച്ച സുരക്ഷ-2022 റോഡ് ഷോ കോഴിക്കോട് സമാപിച്ചു. ലോക ട്രോമ ദിനത്തോടനുബന്ധിച്ച് റോഡപകടങ്ങളില്‍ പെടുന്നവരെ സംഭവസ്ഥലത്തും പിന്നീട് ആശുപത്രിയിലേക്ക് കൊണ്ടു പോകുമ്പോഴും സ്വീകരിക്കേണ്ട ശാസ്ത്രീയമായ അടിയന്തര ചികിത്സാ മാര്‍ഗങ്ങളും ജീവന്‍ രക്ഷാമാര്‍ഗങ്ങളും പൊതു ഇടങ്ങളില്‍ പ്രദര്‍ശിപ്പിച്ചുകൊണ്ട് രാജ്യത്തെ ആദ്യത്തെ ട്രോമാകെയര്‍ ബോധവല്‍ക്കരണ യാത്രയാണ് ആസ്റ്റര്‍ ഹോസ്പിറ്റല്‍സ് സംഘടിപ്പിച്ചത്.
റോഡപകടങ്ങളില്‍ ഉണ്ടാകുന്ന മരണങ്ങള്‍ കുറയ്ക്കുന്നതിന് വേണ്ടി ആസ്റ്റര്‍ ഹോസ്പിറ്റല്‍സ് എമര്‍ജന്‍സി മെഡിസിന്‍ വിഭാഗം നടത്തിവരുന്ന ‘ബി ഫസ്റ്റ് ടു എയ്ഡ് ആന്‍ഡ് സേവ് ലൈഫ്‌സ് ‘ പദ്ധതിയുടെ ഭാഗമാണ് ‘സുരക്ഷ 2022’-റോഡ് ഷോ സംഘടിപ്പിച്ചത്. ആശുപത്രിയില്‍ എത്തുന്നതിന് മുന്‍പേ സംഭവിക്കുന്ന മരണങ്ങള്‍ പരമാവധി കുറയ്ക്കുകയാണ് ലക്ഷ്യം.
കാസര്‍കോട് മുതല്‍ കോഴിക്കോട് വരെ ഏഴ് ജില്ലകളിലെ എഴുപതിലേറെ ഇടങ്ങളിലെ പര്യടനത്തിന് ശേഷമാണ് റോഡ് ഷോ കോഴിക്കോട് സെന്റ് ജോസഫ് ദേവഗിരി കോളേജില്‍ അവസാനിച്ചത്. പ്രിന്‍സിപ്പാള്‍ ഡോ. ബോബിജോസ്, സിനിമാ താരം അനാര്‍ക്കലി മരക്കാര്‍, എഴുത്തുകാരി ഡോ. ഖദീജ മുംതാസ് , റോഡപകടങ്ങള്‍ അതിജീവിച്ച സാമൂഹിക-രാഷ്ട്രീയ പ്രവര്‍ത്തകരായ ശങ്കു ടി.ദാസ്, ഡോ.അപ്പുണ്ണി.കെ തുടങ്ങിയവര്‍ പരിപാടിയുടെ ഭാഗമായി. റോഡപകടങ്ങളില്‍ ചെയ്യേണ്ട മുന്‍കരുതലുകളും അടിയന്തര ചികിത്സാ മാര്‍ഗങ്ങളും ജീവന്‍ രക്ഷാ മാര്‍ഗങ്ങളുടെ പ്രാധാന്യവും വിളിച്ചറിയിക്കുന്ന സ്‌കിറ്റ് റോഡ് ഷോയില്‍ അവതരിപ്പിച്ചു. ആസ്റ്റര്‍ മിംസിലെ എമര്‍ജന്‍സി മെഡിസിന്‍ വിഭാഗത്തിലെ ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, മറ്റ് ജീവനക്കാര്‍ തുടങ്ങിയവര്‍ യാത്രയില്‍ അണിനിരന്നു.
റോഡപകടങ്ങള്‍ കണ്ടുനില്‍ക്കുന്നവര്‍ക്ക് അടിയന്തര സാഹചര്യങ്ങളെ നേരിടാന്‍ ആവശ്യമായ പരിശീലനം ലഭ്യമാക്കുന്നതിലൂടെ വലിയ മാറ്റം സാധ്യമാകുമെന്ന് ആസ്റ്റര്‍ മിംസ് എമര്‍ജന്‍സി മെഡിസിന്‍ വിഭാഗം മേധാവി ഡോ.വേണുഗോപാല്‍ പി.പി പറഞ്ഞു. ആരോഗ്യരംഗത്തെ ഉത്തരവാദിത്വമുള്ള സ്ഥാപനമെന്ന നിലയില്‍ ആസ്റ്റര്‍ ഹോസ്പിറ്റല്‍സ് നടത്തുന്ന ബോധവല്‍ക്കരണ പരിപാടികള്‍ക്ക് കിട്ടുന്ന അനുകൂല പ്രതികരണം വലിയ പ്രചോദനമാണെന്ന് കേരള-ഒമാന്‍ റീജിയണല്‍ ഡയരക്ടര്‍ ഫര്‍ഹാന്‍ യാസിന്‍ പറഞ്ഞു.
കോഴിക്കോട് ജില്ലയിലെ വിവിധയിടങ്ങളില്‍ നടന്ന പരിപാടികളില്‍ എം.എല്‍.എ തോട്ടത്തില്‍ രവീന്ദ്രന്‍, റീജ്യണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫിസര്‍ , ഫറൂഖ് സബ് ഇന്‍സ്പെക്ടര്‍ രാജശേഖരന്‍, ഡോ.അജിത പി.എന്‍, തുടങ്ങിയവര്‍ പങ്കെടുത്തു. കോഴിക്കോട് ആസ്റ്റര്‍ മിംസിലെ ഡോക്ടര്‍മാരായ ഡോ.ജേക്കബ് ആലപ്പാട്ട്, ഡോ. കെ.ജി രാമകൃഷ്ണന്‍, കൃഷ്ണകുമാര്‍ കെ.എസ്, ഡോ.രാധേഷ് നമ്പ്യാര്‍, ആസ്റ്റര്‍ മിംസ് സി.ഒ.ഒ ലുക്ക്മാന്‍ പൊന്മാടത്ത്, കോഴിക്കോട് പ്രസ് ക്ലബ് പ്രസിഡന്റ് ഫിറോസ് ഖാന്‍ തുടങ്ങിയവര്‍ സംസാരിച്ചു.