കോഴിക്കോട്: സംഹാരവും നശീകരണവും വിദ്വേഷവും മാത്രം ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന ആഭിചാരക്കാരെയും അതിന് വേണ്ടിയുള്ള കേന്ദ്രങ്ങളെയും നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന് വിസ്ഡം യൂത്ത് സംസ്ഥാന സമിതി. 2023 ജനുവരി 28, 29 ദിവസങ്ങളില്‍ സംഘടിപ്പിക്കുന്ന പ്രൊഫെയ്‌സ് പ്രൊഫഷണല്‍ കുടുംബ സംഗമത്തിന്റെ മുന്നോടിയായി സംഘടിപ്പിച്ച കോഴിക്കോട് സൗത്ത് ജില്ലാ പ്രചാരണ സംഗമത്തിലാണ് ഇത്തരത്തിലുള്ള നിര്‍ദേശം മുന്നോട്ടുവച്ചത്.
സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലായി നടന്ന് കൊണ്ടിരിക്കുന്ന ആത്മീയ ചികിത്സാ കേന്ദ്രങ്ങള്‍ ആത്മീയതയുടെ മറവിലെ തട്ടിപ്പ് കേന്ദ്രങ്ങളാണ്. അവയെ സാമൂഹിക വിചാരണക്ക് വിധേയമാക്കണം.
ആരോഗ്യ രംഗത്തെ വര്‍ഷങ്ങളോളം പഠനവും ഗവേഷണവും നടത്തിയ പ്രാവീണ്യരായ ഡോക്ടര്‍മാര്‍ക്ക് രജിസ്‌ടേഷനും നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തിയിട്ടും ഇത്തരം ആത്മീയ തട്ടിപ്പ് ചികിത്സകരെ കയറൂരി വിടുന്നത് സാമൂഹിക പ്രത്യാഘാതമുണ്ടാക്കുമെന്നും സംഗമം അഭിപ്രായപ്പെട്ടു.
സംഗമം വിസ്ഡം യൂത്ത് സംസ്ഥാന വൈസ് പ്രസിഡണ്ട് മുജീബ് ഒട്ടുമ്മല്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ജില്ലാ പ്രസിഡന്റ് പി.സി ജംസീര്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന ഭാരവാഹി നിഷാദ് സലഫി, വിസ്ഡം ഓര്‍ഗനൈസേഷന്‍ ജില്ലാ ജോ. സെക്രട്ടറി മുഹമ്മദ് അഷ്‌റഫ് കല്ലായി , വിസ്ഡം സ്റ്റുഡന്റ് ജില്ലാ വൈസ് പ്രസിഡന്റ് ജസീല്‍ എന്നിവര്‍ സംസാരിച്ചു. ജില്ലാ സെക്രട്ടറി ജംഷീര്‍ എ.എം സ്വാഗതവും റഷീദ് പാലത്ത് നന്ദിയും പറഞ്ഞു.