കടലുണ്ടി: ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ഗ്രാമോത്സവത്തിന് 23 ന് തുടക്കമാകും. മൂന്നു ദിവസങ്ങളിലായി നടക്കുന്ന ഗ്രാമോത്സവത്തിന്റെ ഭാഗമായി വിപുലമായ കലാസാംസ്‌കാരിക പരിപാടികളാണ് അരങ്ങേറുക. വന്‍ പൊതുജന പങ്കാളിത്തത്തോടെ നടത്തുന്ന പരിപാടി ജനകീയോത്സവമായി മാറുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് വി.അനുഷ അറിയിച്ചു.
23 ന് മണ്ണൂര്‍ പ്രബോധിനി ജങ്ഷനില്‍ ആരംഭിച്ച് കടലുണ്ടിയില്‍ അവസാനിക്കുന്ന സാംസ്‌കാരിക ഘോഷയാത്രയോടെ ഗ്രാമോത്സവത്തിനു തിരിതെളിയും. ഘോഷയാത്രയ്ക്ക് ശേഷം നടക്കുന്ന സാംസ്‌കാരിക സമ്മേളനം പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. എം.കെ രാഘവന്‍ എം.പി മുഖ്യാതിഥിയാവും. മുന്‍ എം.എല്‍.എ കെ.എന്‍.എ ഖാദര്‍ മുഖ്യപ്രഭാഷണം നടത്തും. പരിപാടിയുടെ ഭാഗമായി വിദ്യാര്‍ഥികള്‍ക്കായി കലാമത്സരങ്ങള്‍ സംഘടിപ്പിക്കും. പരിപാടിയോടനുബന്ധിച്ച് ദീപാലങ്കാര മത്സരവും സംഘടിപ്പിക്കുന്നുണ്ട്. ഗ്രാമോത്സവത്തിന്റെ മാറ്റു കൂട്ടാന്‍ ഒപ്പന, തിരുവാതിരക്കളി തുടങ്ങി വിവിധ കലാപരിപാടികളും നടക്കും. 24ന് പ്രശസ്ത ഗായിക യുംന അജിന്‍ നയിക്കുന്ന സംഗീത നിശ അരങ്ങേറും.