തലശ്ശേരി: സാംസ്‌കാരിക പ്രവര്‍ത്തകനും സ്‌പോര്‍ട്ടിങ്ങ് യൂത്ത്‌സ് ലൈബ്രറി ശ്യാമയുടെ സാരഥിയുമായിരുന്ന സി.വി സുധാകരനെ അനുസ്മരിച്ചു. സ്മൃതി സുധാകരം എന്ന പേരില്‍ സ്‌പോര്‍ട്ടിങ്ങ് യൂത്ത്‌സ് ലൈബ്രറിയില്‍ നടന്ന അനുസ്മരണ സമ്മേളനം സ്പീക്കര്‍ അഡ്വ.എ.എന്‍ ഷംസീര്‍ ഉദ്ഘാടനം ചെയ്തു. ബീഡി തൊഴിലാളിയായും ഓട്ടോ തൊഴിലാളിയായും ജീവിതമാരംഭിച്ച സുധാകരന്‍ രാഷ്ട്രീയ പ്രവര്‍ത്തകനും അടിയന്തിരാവസ്ഥയില്‍ ജയില്‍വാസവും വരിച്ചിട്ടുമുള്ള വ്യക്തിത്വമായിരുന്നു.
സുധാകരന്റെ സ്മരണ നിലനിര്‍ത്താന്‍ ലൈബ്രറി ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണയും സഹായവും ഉണ്ടാകുമെന്ന് സ്പീക്കര്‍ ഉറപ്പ് നല്‍കി. പ്രശസ്ത എഴുത്തുകാരനും തിരക്കഥാകൃത്തുമായ എന്‍.ശശിധരന്‍ ‘സുധാകരന്‍ വ്യക്തി കല ജീവിതം’ എന്ന വിഷയത്തില്‍ അനുസ്മരണ പ്രഭാഷണം നടത്തി. ജാതി-മത- രാഷ്ട്രീയ വ്യത്യാസങ്ങള്‍ക്കപ്പുറത്ത് ഒരുമയുടേയും സൗഹൃദത്തിന്റേയും രാഷ്ട്രീയ പാഠങ്ങള്‍ പഠിച്ചുവെച്ച വലിയ മനുഷ്യനായിരുന്നു സുധാകരനെന്ന് എന്‍.ശശിധരന്‍ പറഞ്ഞു. ചടങ്ങില്‍ കെ.കെ മാരാര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് മുകുന്ദന്‍ മഠത്തില്‍, ലൈബ്രറി സെക്രട്ടറി സീതാനാഥ് ,സുധാകരന്റെ മകന്‍ സുമിത് എന്നിവര്‍ സംസാരിച്ചു. സി. അശോക് കുമാര്‍ സ്വാഗതം പറഞ്ഞു. തുടര്‍ന്ന് ‘ശ്യാമ എല്ലാരും പാട്ണ്’ കൂട്ടായ്മ അവതരിപ്പിച്ച ഗാനാഞ്ജലിയും അരങ്ങേറി.