കോഴിക്കോട്: കേരള സ്‌കൂള്‍ പാഠ്യപദ്ധതി പരിഷ്‌കരണവുമായി ബന്ധപ്പെട്ട് സംസ്ഥാന റിസോഴ്‌സ് ഗ്രൂപ്പ് അംഗങ്ങള്‍ക്ക് പരിശീലന പരിപാടി സംഘടിപ്പിച്ചു. ‘കേരള പാഠ്യപദ്ധതി ചട്ടക്കൂടുകള്‍ സമൂഹ ചര്‍ച്ചയ്ക്കുള്ള കുറിപ്പ്’ എന്ന വിഷയത്തില്‍ കോഴിക്കോട് മേഖലാ തലത്തില്‍ സംഘടിപ്പിച്ച പരിപാടിയുടെ ഉദ്ഘാടനം മേയര്‍ ഡോ. ബീന ഫിലിപ് നിര്‍വഹിച്ചു. വിദ്യാഭ്യാസത്തെ കുറിച്ചുള്ള പൊതുവായ കാര്യങ്ങളും 26 ഫോക്കസ് മേഖലകളുമായി ബന്ധപ്പെട്ട വിശദാംശങ്ങളും ചര്‍ച്ചയ്ക്ക് വിധേയമാക്കി. പാഠ്യപദ്ധതി പരിഷ്‌കരണവുമായി ബന്ധപ്പെട്ടുള്ള സാമൂഹിക ചര്‍ച്ച എങ്ങനെ നടപ്പിലാക്കണം, ചര്‍ച്ച നടത്തേണ്ടത് എങ്ങനെ, വിവരങ്ങള്‍ ക്രോഡീകരിക്കേണ്ട രീതി തുടങ്ങിയവയുടെ പരിശീലനവും റിസോഴ്‌സ് ഗ്രൂപ്പ് അംഗങ്ങള്‍ക്ക് നല്‍കി. എല്ലാ വിഭാഗം ജനങ്ങളുടേയും അഭിപ്രായം പരിഗണിച്ച് പൊസിഷന്‍ പേപ്പറുകള്‍ തയ്യാറാക്കും. ഇതിന്റെ അടിസ്ഥാനത്തില്‍ നാല് കേരള പാഠ്യപദ്ധതി ചട്ടക്കൂടുകളുടെ കരട് തയാറാക്കുകയും ബന്ധപ്പെട്ട സമിതികളില്‍ ചര്‍ച്ച നടത്തി പാഠ്യപദ്ധതി ചട്ടക്കൂടുകള്‍ രൂപീകരിക്കുകയും ചെയ്യും. ഇതിന്റെ അടിസ്ഥാനത്തില്‍ പാഠപുസ്തകങ്ങളും അനുബന്ധ സാമഗ്രികളും വികസിപ്പിക്കും.
കോഴിക്കോട് ശിക്ഷക് സദനില്‍ നടന്ന പരിപാടിയില്‍ സമഗ്ര ശിക്ഷ ജില്ലാ പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍ ഡോ.എ.കെ അബ്ദുള്‍ ഹക്കീം അധ്യക്ഷത വഹിച്ചു. റീജ്യണല്‍ ഡെപ്യൂട്ടി ഡയരക്ടര്‍ ഡോ. അനില്‍കുമാര്‍ മുഖ്യാതിഥിയായി. ഡയറ്റ് ലക്ചറര്‍ മിത്തു തിമോത്തി പദ്ധതി വിശദീകരിച്ചു. എസ്.സി.ഇ.ആര്‍.ടി റിസേര്‍ച്ച് ഓഫീസര്‍മാരായ ഡോ.എല്‍. സുദര്‍ശന്‍, ഡോ. എം.ടി ശശി, ഡോ.സഫറുദ്ദീന്‍, ജഗദീഷ്, കെ.സതീഷ് കുമാര്‍, നടക്കാവ് ജി.വി.എച്ച്.എസ്.എസ് പ്രിന്‍സിപ്പാള്‍ ജലൂഷ് എന്നിവര്‍ സംസാരിച്ചു. റിസര്‍ച്ച് ഓഫീസര്‍മാരായ ബി. ശ്രീജിത്ത് സ്വാഗതവും ഡോ.എ.കെ അനില്‍കുമാര്‍ നന്ദിയും പറഞ്ഞു. പരിശീലന പരിപാടിയില്‍ കാസര്‍കോട് ,കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലെ 55 പേര്‍ പങ്കെടുത്തു. ഡയറ്റ് കോ-ഓര്‍ഡിനേറ്റേഴ്‌സ്, എസ്.സി.ഇ.ആര്‍.ടി ഫാക്കല്‍റ്റീസ് എന്നിവരും പങ്കാളികളായി.