‘സര്‍ സയ്യിദ് അഹമ്മദ് ഖാന്‍ ഇന്ത്യയുടെ നവോത്ഥാന നക്ഷത്രം’

‘സര്‍ സയ്യിദ് അഹമ്മദ് ഖാന്‍ ഇന്ത്യയുടെ നവോത്ഥാന നക്ഷത്രം’

 

കോഴിക്കോട്: ഇന്ത്യയിന്ന് കാണുന്ന സാമൂഹിക സമത്വത്തിലേക്ക് ഉയര്‍ന്നുവന്നതില്‍ പ്രമുഖ പങ്കു വഹിച്ച നവോത്ഥാന നായകന്മാരില്‍ ഒരാളാണ് സര്‍ സയ്യിദ് അഹമ്മദ് ഖാനെന്ന് എം.പി അബ്ദുല്‍ സമദ് സമദാനി എം.പി പറഞ്ഞു. രാജാറാം മോഹന്‍ റോയിയും സര്‍ സയ്യിദ് അഹമ്മദ് ഖാനും സാംസ്‌കാരിക ഇന്ത്യക്ക് അടിത്തറ പാകിയവരാണ്. ഗാന്ധിജിയെ അറിയാന്‍ നമുക്ക് സാധിക്കണം. ഗാന്ധിജിയിലേക്ക് തിരിഞ്ഞ് നടക്കാന്‍ നമുക്കാവണം. ഇന്ത്യക്കാര്‍ നെഹ്രുവിനെ കണ്ടെത്താന്‍ ശ്രമിക്കണം. ഹിന്ദുവും മുസല്‍മാനും ഇന്ത്യയെന്ന നവവധുവിന്റെ രണ്ട് കണ്ണുകളാണെന്ന് പറഞ്ഞ മഹത് വ്യക്തിത്വമാണ് സര്‍ സയ്യിദ് അഹമ്മദ് ഖാന്‍. ദൈവ ദൂതന്മാര്‍ എന്നും സമൂഹത്തില്‍ പരിഹസിക്കപ്പെട്ടിട്ടുണ്ട് അവര്‍ വെളിച്ചത്തിന്റെ ഗോപുരങ്ങളായതിനാല്‍ ഇരുട്ടിന്റെ ശക്തികള്‍ കല്ലെറിയും. ഇന്ന് എല്ലാറ്റിലും വെള്ളം ചേര്‍ക്കുന്ന കാലമാണ്. വലിയ പണ്ഡിതന്‍, ചിന്തകന്‍, നവോത്ഥാന നായകന്‍ എന്നീ നിലകളിലെല്ലാം അദ്ദേഹം ഒരു മഹാപര്‍വതമാണ്. സര്‍ സയ്യിദ് അഹമ്മദ് ഖാന്‍ 205ാം ജന്മദിനാഘോഷവും സര്‍ സയ്യിദ് പുരസ്‌കാര സമര്‍പ്പണവും നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രൊഫ. മുഹമ്മദ് ഹസന്‍ പുരസ്‌കാരം ഏറ്റുവാങ്ങി. അധ്യാപകനും വൈദ്യനും നല്ല ചേര്‍ച്ചയാണ്. ഇതു രണ്ടും സമ്മേളിച്ച മഹത് വ്യക്തിത്വമാണ് തന്റെ അധ്യാപകന്‍ കൂടിയായ പ്രൊഫ. മുഹമ്മദ് ഹസനെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അധ്യാപകനൊരിക്കലും ശിക്ഷകനല്ല. ഫറോക്ക് കോളേജ് ക്യാമ്പസിന്റെ ഉയിര് എന്ന് പുകള്‍പെറ്റ അധ്യാപകനാണ് പ്രൊഫ. മുഹമ്മദ് ഹസന്‍. ചരിത്രം, സൈക്കോളജി, മത-സാമൂഹിക സംഘാടന രംഗത്തും അദ്ദേഹം ശ്രദ്ധേയമായ ഇടപെടലാണ് നടത്തിക്കൊണ്ടിരിക്കുന്നത്. മനഃശാസ്ത്രമില്ലെങ്കില്‍ മതമില്ല, രാഷ്ട്രീയമില്ല, കുടുംബമില്ല. എല്ലാറ്റിനേയും സമഗ്രമായി നെഞ്ചോട് ചേര്‍ത്ത ഹോളിസ്റ്റിക്കാണ് പ്രൊഫ. മുഹമ്മദ് ഹസന്‍.

സര്‍ സയ്യിദ് ഫൗണ്ടേഷന്‍ മുഖ്യ രക്ഷാധികാരി സി.പി കുഞ്ഞിമുഹമ്മദ് അധ്യക്ഷത വഹിച്ചു. മലയാള മനോരമ കോട്ടയം ഡെപ്യൂട്ടി ന്യൂസ് എഡിറ്റര്‍ മുഹമ്മദ് അനീസ് ആമുഖ പ്രഭാഷണം നടത്തി. കേരള ഹാര്‍ട്ട് കെയര്‍ സൊസൈറ്റി ഫൗണ്ടര്‍ പ്രസിഡന്റ് ഡോ.കെ. കുഞ്ഞാലി പൊന്നാടയണിയിച്ചു. സെന്റര്‍ ഫോര്‍ റിലീജിയസ് ഹാര്‍മണി ചെയര്‍മാന്‍ ഡോ. എ.വി പ്രകാശ് പ്രശംസാപത്ര സമര്‍പ്പണം നടത്തി. സെന്റ്. സേവിയേഴ്‌സ് കോളേജ് പ്രിന്‍സിപ്പാള്‍ പ്രൊഫ. വര്‍ഗീസ് മാത്യു, പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ നവാസ് പൂനൂര്‍, ഫ്രൈഡേ ക്ലബ് പ്രസിഡന്റ് അഡ്വ. കെ. ആലിക്കോയ, ഡോ. ഇ.കെ ഗോവിന്ദവര്‍മ രാജ, ഡയരക്ടര്‍ ഫൗണ്ടേഷന്‍ ഫോര്‍ എജ്യുക്കേഷന്‍ എക്‌സലന്‍സ് പ്രൊഫ. പി. പങ്കജാക്ഷന്‍ നായര്‍, എം.കെ സത്താര്‍ (സംഘാടക സമിതി സെക്രട്ടറി) ആശംസകള്‍ നേര്‍ന്നു. പ്രൊഫ. മുഹമ്മദ് ഹസന്‍ പ്രതിസ്പന്ദം നടത്തി. സര്‍ സയ്യിദ് ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ആറ്റക്കോയ പള്ളിക്കണ്ടി സ്വാഗതവും സംഘാടക സമിതി കണ്‍വീനര്‍ വിജയരാജന്‍ കഴുങ്ങാഞ്ചേരി നന്ദിയും പറഞ്ഞു.

Share

Leave a Reply

Your email address will not be published. Required fields are marked *