വിഴിഞ്ഞം തുറമുഖ നിര്‍മാണം: ആറിടങ്ങളില്‍ റോഡ് ഉപരോധിച്ച് മത്സ്യത്തൊഴിലാളികള്‍

വിഴിഞ്ഞം തുറമുഖ നിര്‍മാണം: ആറിടങ്ങളില്‍ റോഡ് ഉപരോധിച്ച് മത്സ്യത്തൊഴിലാളികള്‍

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിര്‍മാണത്തിനെതിരേ സമരം ശക്തമാക്കി മത്സ്യത്തൊഴിലാളികള്‍. ജില്ലാ കലക്ടറുടെ ഉപരോധ നിരോധന ഉത്തരവ് ലംഘിച്ചാണ് വിവിധയിടങ്ങളില്‍ സമരം ഇന്ന് പ്രതിഷേധക്കാര്‍ റോഡ് ഉപരോധിക്കുന്നത്. ചാക്ക ബൈപ്പാസ്, തിരുവല്ലം, വിഴിഞ്ഞം, പൂവാര്‍, ഉച്ചക്കട, ആറ്റിങ്ങല്‍ എന്നിവിടങ്ങളിലാണ് ഉപരോധം.

ലത്തീന്‍ അതിരൂപതയുടെ നേതൃത്വത്തിലാണ് റോഡ് ഉപരോധിക്കുന്നത്. വള്ളങ്ങളും വലകളും ഉള്‍പ്പെടെയാണ് മത്സ്യത്തൊഴിലാളികള്‍ സമരത്തിനെത്തിയിരിക്കുന്നത്. പ്രധാനപ്പെട്ട ഏഴ് ആവശ്യങ്ങളാണ് മത്സ്യത്തൊഴിലാളികള്‍ സര്‍ക്കാരിന് മുന്നില്‍ വെച്ചിരിക്കുന്നത്. ഇതില്‍ ഒരെണ്ണം പോലും പരിഹരിക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞിട്ടില്ലെന്ന് സമരക്കാര്‍ ആരോപിക്കുന്നു.

വിഴിഞ്ഞത്തും മുല്ലൂരിലുമുള്ള ഉപരോധ സമരത്തിന് ജില്ലാ കലക്ടര്‍ കഴിഞ്ഞ ദിവസം നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. പ്രദേശത്ത് മുദ്രാവാക്യം വിളിയും നിരോധിച്ചിട്ടുണ്ട്. അതിരൂപതയുടെ സമരവും ഇതിനെതിരായ ജനകീയ കൂട്ടായ്മയുടെ പ്രതിഷേധവും സ്ഥലത്ത് ക്രമസമാധാനപ്രശ്നങ്ങള്‍ക്ക് കാരണമാകും എന്നത് കണക്കിലെടുത്താണ് നിരോധനമെന്നും ഉത്തരവില്‍ പറയുന്നു. നീതി കിട്ടും വരെ സമരം തുടരുമെന്നും മത്സ്യത്തൊഴിലാളികള്‍ മുന്നോട്ട് വച്ച ഏഴ് ആവശ്യങ്ങളില്‍ ഒന്ന് പോലും സര്‍ക്കാര്‍ പാലിച്ചില്ലെന്നും പള്ളികളില്‍ വായിച്ച സര്‍ക്കുലറില്‍ പറയുന്നു. തുറമുഖ കവാടത്തിലെ സമരം തുടങ്ങിയതിനു ശേഷം ഇത് അഞ്ചാം തവണയാണ് തിരുവനന്തപുരം ലത്തീന്‍ അതിരൂപതക്ക് കീഴിലെ പള്ളികളില്‍ സര്‍ക്കുലര്‍ വായിക്കുന്നത്. സമരം ഇന്ന് 62ാം ദിനത്തിലേക്ക് കടക്കുമ്പോഴാണ് പ്രക്ഷോഭ പരിപാടികള്‍ ശക്തിപ്പെടുത്താനുള്ള തീരുമാനം.

വിമാനത്താവളത്തിലേക്കുള്ള റോഡടക്കം ഉപരോധിച്ചതോടെ യാത്രക്കാര്‍ പ്രതിസന്ധിയിലായി. വി.എസ്.എസ്.സിയിലേക്കുള്ള റോഡ് പൂര്‍ണമായും സ്തംഭിപ്പിച്ചു. സ്‌കൂള്‍ ബസ്സടക്കം യാത്രക്കാര്‍ വിവിധയിടങ്ങളില്‍ കുടുങ്ങി.

Share

Leave a Reply

Your email address will not be published. Required fields are marked *