കുറ്റ്യാടി: ലഹരി വിമുക്ത കേരളം എന്ന മുദ്രാവാക്യമുയര്‍ത്തി സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ നടപ്പാക്കുന്ന പ്രചാരണ ക്യാമ്പയിന് കുറ്റ്യാടി മണ്ഡലത്തില്‍ തുടക്കമായി. സ്മാര്‍ട്ട് കുറ്റ്യാടിയുടെ ആഭിമുഖ്യത്തിലാണ് മണ്ഡലത്തില്‍ പരിപാടികള്‍ സംഘടിപ്പിക്കുന്നത്. കുട്ടികളെയും രക്ഷിതാക്കളെയും ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ബോധവല്‍ക്കരണ പരിപാടികളാണ് നടത്തുന്നത്. ലഹരി വിരുദ്ധ ചിത്രപ്രദര്‍ശനം, സിനിമ പ്രദര്‍ശനം എന്നിവയും പരിപാടിയുടെ ഭാഗമായി നടക്കും.
വിദ്യാലയങ്ങളില്‍ ലഹരി വിരുദ്ധ പ്രതിജ്ഞയും, ലഹരിക്കെതിരേയുള്ള പ്രഭാഷണങ്ങളും സംഘടിപ്പിക്കും. മണ്ഡലത്തിലെ എല്ലാ പഞ്ചായത്ത് കേന്ദ്രങ്ങളിലും കൂട്ടയോട്ടം നടത്തും. ഹയര്‍സെക്കന്‍ഡറി കുട്ടികള്‍ക്കായി രചന മത്സരങ്ങളും സംഘടിപ്പിക്കും. പരിപാടിയുടെ മണ്ഡലംതല ഉദ്ഘാടനം പുറമേരി കെ.ആര്‍.എച്ച്.എസ്.എസില്‍ കെ.പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ എം.എല്‍.എ നിര്‍വഹിച്ചു. പുറമേരി ടൗണില്‍ നടന്ന കൂട്ടയോട്ടം എം.എല്‍.എ ഫ്‌ളാഗ് ഓഫ് ചെയ്തു. ചടങ്ങില്‍ പുറമേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. വി.കെ ജ്യോതിലക്ഷ്മി അധ്യക്ഷയായി. സ്മാര്‍ട്ട് കുറ്റ്യാടി കോ-ഓര്‍ഡിനേറ്റര്‍ മോഹന്‍ദാസ് പദ്ധതി വിശദീകരിച്ചു. സി.എം വിജയന്‍ മാസ്റ്റര്‍, പി.പി മനോജ് (ബി.പി.സി തൂണേരി), പഞ്ചായത്ത് അംഗങ്ങളായ ഗീത എം.എം, വിജിഷ കെ.എം, ബീന കല്ലില്‍, ജിഷ ഒ.ടി എന്നിവര്‍ ആശംസകളര്‍പ്പിച്ച് സംസാരിച്ചു. സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ഹേമലത തമ്പാട്ടി സ്വാഗതവും ഹെഡ്മിസ്ട്രസ്സ് സുധാവര്‍മ്മ നന്ദിയും പറഞ്ഞു.