മുട്ടുകുത്താതെ എ.ടി.കെ; കൊമ്പൊടിഞ്ഞ് കൊമ്പന്മാര്‍

മുട്ടുകുത്താതെ എ.ടി.കെ; കൊമ്പൊടിഞ്ഞ് കൊമ്പന്മാര്‍

  • എ.ടി.കെ രണ്ടിനെതിരെ അഞ്ച് ഗോളിനാണ് ബ്ലാസ്റ്റേഴ്‌സിനെ തകര്‍ത്തത്
  • ഭുവനേശ്വറില്‍ ഒഡിഷ എ.ഫ്സിക്കെതിരേയാണ് ബ്ലാസ്റ്റേഴ്‌സിന്റെ അടുത്ത മത്സരം

കൊച്ചി: ചിരവൈരികളായ എ.ടി.കെയ്ക്കു മുന്‍പില്‍ വീണ്ടും മുട്ടുകുത്തി കൊമ്പന്‍മാര്‍. എ.ടി.കെ മോഹന്‍ബഗാനെതിരേ മികച്ച തുടക്കം ലഭിച്ചിട്ടും പ്രതിരോധത്തിലെ വിള്ളലുകള്‍ ബ്ലാസ്‌റ്റേഴ്‌സിന് തിരിച്ചടിയായി. ഇതാവട്ടെ കലൂര്‍ രാജ്യാന്തര സ്റ്റേഡിയത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സിനെതിരായ ആധിപത്യം തുടരാന്‍ എ.ടി.കെ മോഹന്‍ ബഗാന് കാര്യങ്ങള്‍ എളുപ്പമാക്കുകയും ചെയ്തു. ആദ്യ കിക്ക്‌തൊട്ട് ആവേശം നിറഞ്ഞൊഴുകിയ കളിയില്‍ ബ്ലാസ്റ്റേഴ്‌സിനെ രണ്ടിനെതിരെ അഞ്ച് ഗോളുകള്‍ക്ക് തകര്‍ത്ത് എ.ടി.കെ മോഹന്‍ ബഗാന്‍. വീണുകിട്ടിയ സുവര്‍ണാവസരങ്ങളെല്ലാം കളഞ്ഞുകുളിച്ച ബ്ലാസ്റ്റേഴ്‌സ് രണ്ടാം പകുതിയില്‍ സ്വന്തം കാണികള്‍ക്ക് മുന്നില്‍ തകര്‍ന്നടിയുകയായിരുന്നു. ഇരു പകുതികളിലുമായി ലഭിച്ച അവസരങ്ങള്‍ ബ്ലാസ്റ്റേഴ്‌സിന് ലക്ഷ്യത്തിലെത്തിക്കാനാകാതെ പോയതാണ് മത്സരഫലത്തില്‍ നിര്‍ണായകമായത്.

മത്സരത്തിന്റെ ആദ്യ പകുതിയില്‍ ചിത്രത്തില്‍ കേരള ബ്ലാസ്റ്റ്‌ഴേസ് മാത്രമേ ചിത്രത്തില്‍ ഉണ്ടായിരുന്നുള്ളൂ. നിരന്തരം എ.ടി.കെയുടെ ഗോള്‍മുഖം ലക്ഷ്യമാക്കി കൊമ്പന്‍മാര്‍ ഓടിയെത്തിയത് കാണികളെ ആവേശത്തിലാക്കി. അതുകൊണ്ട് തന്നെ ആദ്യ ഗോളിന് വേണ്ടി അധികം കാത്തുനില്‍ക്കേണ്ടി വന്നില്ല. കരുത്തന്മാര്‍ തമ്മിലുള്ള പോരാട്ടത്തില്‍ ആദ്യം സ്‌കോര്‍ ചെയ്തത് കേരള ബ്ലാസ്റ്റേഴ്‌സാണ്. മത്സരം തുടങ്ങി ആദ്യ മിനുറ്റില്‍ തന്നെ കേരളത്തിന്റെ മുന്നേറ്റനിര ആക്രമണം അഴിച്ചുവിട്ടു. കളിയുടെ ആറാം മിനുറ്റില്‍ തന്നെ കേരളം സ്‌കോര്‍ ചെയ്തു. കഴിഞ്ഞ മത്സരത്തിലെ മിന്നും താരം ഇവാന്‍ കലിയു ഷ്‌നിയിലൂടെയാണ് ബ്ലാസ്റ്റേഴ്‌സ് ലക്ഷ്യം കണ്ടത്. മലയാളി താരം സഹല്‍ അബ്ദുള്‍ സമദിന്റെ അസിസ്റ്റില്‍ നിന്നായിരുന്നു ഗോള്‍. ബോക്‌സിന്റെ വലതു വിങ്ങില്‍ നിന്ന് സഹല്‍ നല്‍കിയ പാസ് ഒന്നാന്തരം ഫിനിഷിലൂടെ കലിയുഷ്‌നി വലയിലെത്തിക്കുകയായിരുന്നു. ഗോള്‍ വീണതോടെ സ്റ്റേഡിയം ഇളകി മറിഞ്ഞു. (1-0). സീസണില്‍ ഇവാന്‍ ബ്ലാസ്റ്റേഴ്‌സിനായി നേടുന്ന മൂന്നാം ഗോളാണിത്. കഴിഞ്ഞ മത്സരത്തില്‍ സബ് ആയിറങ്ങി ഈസ്റ്റ് ബംഗാളിനെതിരെ ഇവാന്‍ ഇരട്ട ഗോള്‍ നേടിയിരുന്നു.

ഗോള്‍ വീണതോടെ ആക്രണത്തിന്റെ മൂര്‍ച്ച കൂട്ടി ബ്ലാസ്റ്റേഴ്‌സ് വീണ്ടും നീക്കങ്ങള്‍ നടത്തി. പക്ഷേ ഗോള്‍ മാത്രം അകന്നുനിന്നു. അതേസമയം മോഹന്‍ ബഗാന്‍ പതിയെ കളിയിലേക്ക് തിരികെ വരികയായിരുന്നു. ഒടുവില്‍ 26ാം മിനുട്ടില്‍ അവര്‍ ആഗ്രഹിച്ച നിമിഷമെത്തി. കലൂരില്‍ ആര്‍ത്തുവിളിക്കുന്ന മഞ്ഞ പുതച്ച സ്റ്റേഡിയത്തെയാകെ നിശബ്ദതയിലാഴ്ത്തി മോഹന്‍ ബഗാന്‍ സമനില ഗോള്‍ സ്‌കോര്‍ ചെയ്തു. ഇടതുവിങ്ങിലൂടെ ഹ്യൂഗോ ബൗമസ് നല്‍കിയ പാസ്‌പെട്രറ്റോസ് ഒഴിഞ്ഞ പോസ്റ്റിലേക്ക് നിറയൊഴിച്ചു. സ്‌കോര്‍ (1-1).

എന്നാല്‍, ചാറ്റല്‍ മഴയില്‍ ബ്ലാസ്റ്റേഴ്‌സ് പതിയെ തണുത്തു. പക്ഷേ, എ.ടി.കെ ചൂടുപിടിക്കുന്നതേയുണ്ടായിരുന്നുള്ളൂ. വിങ്ങുകളിലൂടെ കൊല്‍ക്കത്തക്കാര്‍ കുതിച്ചെത്തിയതോടെ ബ്ലാസ്റ്റേഴ്‌സ് പ്രതിരോധത്തിന്റെ കെട്ടുപൊട്ടി. ഗാലറി നിശബ്ദമാവുകയും വലയില്‍ ഗോളുകള്‍ നിറയുകയും ചെയ്തു. 31ാം മിനുറ്റില്‍ ബ്ലാസ്റ്റേഴ്‌സ് ലീഡെടുക്കുമെന്ന് വിചാരിച്ചെങ്കിലും ആരാധകര്‍ക്ക് നിരാശയായിരുന്നു ഫലം. ജെസ്സല്‍ നല്‍കിയ ക്രോസ് പക്ഷേ ഭാഗ്യത്തിന്റെ ആനുകൂല്യം എ.ടി.കെ മുതലെടുത്തു. 38ാം മിനുറ്റില്‍ ജോണി കൗകോയുടെ ഗോള്‍ തടയാന്‍ ബ്ലാസ്റ്റേഴ്‌സ് ഗോള്‍ കീപ്പര്‍ ഗില്ലിന് ആയില്ല. ഇത്തവണ ബ്ലാസ്റ്റേഴ്‌സ് പ്രതിരോധത്തിന്റെ പിഴവില്‍ നിന്നാണ് ഗോള്‍ പിറന്നത്. ബ്ലാസ്റ്റേഴ്‌സ് പ്രതിരോധ താരങ്ങള്‍ക്കിടയിലൂടെ മന്‍വീര്‍ സിങ് സമര്‍ത്ഥമായി നല്‍കിയ പാസ് സ്വീകരിച്ച കൗക്കോ തകര്‍പ്പന്‍ ലോങ്‌റേഞ്ചറിലൂടെ മഞ്ഞപ്പടയുടെ വല കുലുക്കി. സ്‌കോര്‍ (2-1).
ആദ്യ പകുതിയില്‍ ഒരു ഗോള്‍ ലീഡിന്റെ ആത്മവിശ്വാസത്തില്‍ തിരിച്ചുകയറിയ എ.ടി.കെ രണ്ടാം പകുതിയിലും ആക്രമണം അഴിച്ചുവിട്ടു. തിരിച്ചടിക്കാന്‍ കേരള ബ്ലാസ്റ്റേഴ്‌സ് കിണഞ്ഞു ശ്രമിച്ചെങ്കിലും പലപ്പോഴും എ.ടി.കെ ഗോളിയും ക്രോസ്ബാറും വില്ലനായി. 62ാം മിനുറ്റില്‍ ബ്ലാസ്റ്റേഴ്‌സിന്റെ നെഞ്ചില്‍ തീകോരിയിട്ടു കൊണ്ട്‌മോഹന്‍ ബഗാന്‍ വീണ്ടും ഗോളടിച്ചു. പെട്രറ്റോസ്ലീഡ് ഡബിളാക്കി. മോഹന്‍ ബഗാന്‍ (3-1).
പകരക്കാരനായെത്തിയ കെ.പി രാഹുല്‍ 81ാം മിനുറ്റില്‍ സ്‌കോര്‍(3-2) ചെയ്തതോടെ കേരളം സമനില പിടിക്കുമെന്ന് തോന്നിച്ചെങ്കിലും മോഹന്‍ ബഗാന്റെ ആവനാഴിയിലെ അസ്ത്രങ്ങളില്‍ കുറവൊന്നുമുണ്ടായിരു ന്നില്ല. 88ാം മിനുറ്റില്‍ റോഡ്രിഗസിലൂടെയും ഇഞ്ചുറി ടൈമില്‍ (90+2) പെട്രറ്റോസിലൂടെയും എ.ടി.കെ ഗോള്‍പട്ടിക പൂര്‍ത്തിയാക്കി. സീസണിലെ ആദ്യ ഹാട്രിക്ക് പെട്രോറ്റോസിന്റെ പേരില്‍ കുറിക്കപ്പെട്ടു.

പിഴവുകള്‍ ഏറെ പറ്റിയെന്ന് ബ്ലാസ്റ്റേഴ്‌സ് നായകന്‍ ജെസ്സല്‍ കാര്‍ണെയ്‌റോ സമ്മതിക്കുന്നു. എ.ടി.കെ മോഹന്‍ ബഗാനെതിരായ വന്‍ തോല്‍വി കടുത്ത നിരാശയാണ് ബ്ലാസ്റ്റേഴ്‌സ് ആരാധകര്‍ക്ക് ഉണ്ടാക്കിയത്. പ്രതിരോധത്തിലുണ്ടായ പിഴവുകളാണ് മത്സരഫലം എതിരാക്കിയതെന്നും ആരാധകര്‍ പറയുന്നു. ഇനിയുള്ള മത്സരത്തില്‍ ബ്ലാസ്റ്റേഴ്‌സ് ശക്തമായ തിരിച്ചുവരവ് നടത്തുമെന്ന പ്രതീക്ഷ പങ്കുവച്ചാണ് അവര്‍ മടങ്ങിയത്.
കൊച്ചിയിലെ ആരവത്തെ മറികടന്നാണ് എ.ടി.കെ മോഹന്‍ ബഗാന്‍ ബ്ലാസ്റ്റേഴ്‌സിനെതിരായ ആധിപത്യം തുടര്‍ന്നത്. ബഗാനുമായി ലയിച്ചതിന് ശേഷം ബ്ലാസ്റ്റേഴ്‌സിനെ നേരിട്ട എ.ടി.കെ അഞ്ച് കളിയില്‍ നാലിലും ജയം സ്വന്തമാക്കി. ഇന്നലെ എ.ടി.കെ രണ്ടിനെതിരെ അഞ്ച് ഗോളിനാണ് ബ്ലാസ്റ്റേഴ്‌സിനെ തകര്‍ത്തത്. ഞായറാഴ്ച ഭുവനേശ്വറില്‍ ഒഡിഷ എ.ഫ്സിക്കെതിരേയാണ് ബ്ലാസ്റ്റേഴ്‌സിന്റെ അടുത്ത മത്സരം.

 

Share

Leave a Reply

Your email address will not be published. Required fields are marked *