കോഴിക്കോട്: മലബാര്‍ ക്രാഫ്റ്റ് മേള അടുത്ത വര്‍ഷം മുതല്‍ കേരള ക്രാഫ്റ്റ് മേളയാക്കി നടത്തുമെന്നു വ്യവസായ മന്ത്രി പി. രാജീവ്. കോഴിക്കോട് സ്വപ്‌ന നഗരിയില്‍ മലബാര്‍ ക്രാഫ്റ്റ് മേളയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ മാസം രണ്ടിനാണ് മലബാര്‍ ക്രാഫ്റ്റ് മേള ആരംഭിച്ചത്.
വ്യവസായ മേഖലയില്‍ നമ്മുടെ സാധ്യതകള്‍ എങ്ങനെ ഉപയോഗപ്പെടുത്താം എന്നതിന്റെ അടിസ്ഥാനത്തില്‍ കരട് നയം രൂപീകരിക്കുകയാണ് സര്‍ക്കാര്‍. അടുത്തയാഴ്ച്ച കരട് നയം വെബ് സൈറ്റുകളില്‍ അപ്ലോഡ് ചെയ്യും. ഇതിനായി എല്ലാ വ്യാഴാഴ്ച്ചകളിലും വ്യവസായികളുമായി ചര്‍ച്ച നടത്തും. കേരളത്തില്‍ ഈ സാമ്പത്തിക വര്‍ഷം ഒരു ലക്ഷം സംരംഭകരെയാണ് ലക്ഷ്യമിടുന്നത്. നിലവില്‍ ശരാശരി പതിനായിരം എന്നുള്ളത് പത്തിരട്ടി ആക്കി വര്‍ധിപ്പിക്കും. പുറത്ത് നിന്നുകൊണ്ട് വരുന്ന ഉല്‍പ്പന്നങ്ങളില്‍ എന്തെല്ലാം ഇവിടെ ഉല്‍പാദിപ്പിക്കാന്‍ കഴിയുമോ അതെല്ലാം ചെയ്യാനാണ് ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു.
ക്രാഫ്റ്റ് മേള കോഴിക്കോട്ടുകാര്‍ ഏറ്റെടുത്തു എന്നതിന്റെ തെളിവാണ് ഇവിടെ കാണുന്ന ജനാവലി. നേരത്തെ പാലക്കാട്, മലപ്പുറം, കണ്ണൂര്‍ ജില്ലകളില്‍ ക്രാഫ്റ്റ് മേള നടന്നിരുന്നു. കോഴിക്കോട് ആദ്യമായാണ് മേള നടക്കുന്നത്. കരകൗശല മേഖലയില്‍ വൈവിധ്യമാര്‍ന്ന ഉല്‍പ്പന്നങ്ങളെ ഉല്‍പ്പാദകര്‍ക്കൊപ്പം പരിചയപ്പെടുത്തുക എന്നതാണ് മേള കൊണ്ട് ഉദ്ദേശിച്ചത്. ആ ശ്രമം വിജയിച്ചുവെന്നാണ് കരുതുന്നത്. കൈത്തറി മേഖലയില്‍ വിപുലമായ ഫാഷന്‍ ഷോ സംഘടിപ്പിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
മേളയില്‍ ഏറ്റവും മികച്ച എക്‌സിബിഷനുള്ള പുരസ്‌കാരം മേഘാലയയില്‍ നിന്നുള്ള വിജയ്കുമാര്‍ ബിശ്വക്കു മന്ത്രി സമ്മാനിച്ചു. കന്യാകുമാരിയില്‍ നിന്നുള്ള മഹേശ്വരിക്ക് രണ്ടാം സ്ഥാനവും ബംഗാളില്‍ നിന്നുള്ള ഗോവിന്ദ് ജാ മൂന്നാം സ്ഥാനവും നേടി. കേരളത്തില്‍ നിന്നുള്ള മികച്ച എക്‌സിബിഷന് കൊല്ലത്തു നിന്നുള്ള ജേക്കബ് കുര്യന്‍ അര്‍ഹനായി. സമ്മാനാര്‍ഹരായവര്‍ക്ക് മന്ത്രി പുരസ്‌കാരം നല്‍കി. ചടങ്ങില്‍ തോട്ടത്തില്‍ രവീന്ദ്രന്‍ എം.എല്‍.എ അധ്യക്ഷനായി. ഡെപ്യൂട്ടി മേയര്‍ മുസാഫര്‍ അഹമ്മദ്, വാര്‍ഡ് കൗണ്‍സിലര്‍ എം.എന്‍ പ്രവീണ്‍, കേരള ബ്യുറോ ഓഫ് ഇന്‍ഡസ്ട്രിയല്‍ പ്രൊമോഷന്‍ ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസര്‍ സൂരജ് എസ്.നായര്‍, വ്യവസായ വാണിജ്യ വകുപ്പ് അഡിഷണല്‍ ഡയരക്ടര്‍ പി.എ സുരേഷ് കുമാര്‍, ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ ബിജു.പി എബ്രഹാം പങ്കെടുത്തു.