ചക്കിട്ടപാറ: പഞ്ചായത്തിലെ തേനിച്ച കൃഷി പദ്ധതിയോടനുബന്ധിച്ചുള്ള തേനീച്ച കോളനിയുടെ വിതരണോദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് കെ.സുനില്‍ നിര്‍വഹിച്ചു. പഞ്ചായത്തും സ്റ്റാര്‍സ് കോഴിക്കോടും, നബാര്‍ഡും സംയുക്തമായി നടപ്പിലാക്കുന്ന തേനീച്ച കൃഷിയുടെ ഭാഗമായാണ് കര്‍ഷകര്‍ക്ക് സൗജന്യമായി തേനീച്ച കോളനി വിതരണം ചെയ്യുന്നത്. പഞ്ചായത്തിലെ ആയിരം കര്‍ഷകരെ ലക്ഷ്യം വച്ചുകൊണ്ടാണ് തേനിച്ച കൃഷി പദ്ധതി ആരംഭിച്ചത്. തേനീച്ച നഴ്‌സറിയിലൂടെ കര്‍ഷകര്‍ക്ക് പരിശീലനം നല്‍കി അവരെ സംരംഭകരാക്കി ഉപജീവനത്തിനുള്ള വഴിയൊരുക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ആദ്യ ഘട്ടത്തില്‍ 300 പേര്‍ക്ക് പരിശീലനം നല്‍കി പെട്ടിയും തേനീച്ചയും വിതരണം ചെയ്തു. നവംബറില്‍ ആരംഭിക്കുന്ന പദ്ധതിയുടെ രണ്ടാം ഘട്ടത്തില്‍ 200 കര്‍ഷകര്‍ക്ക് പരിശീലനം നല്‍കും. തേനീച്ച കൃഷി നടത്തി കൊണ്ടിരിക്കുന്ന കര്‍ഷകര്‍ക്ക് പ്രോത്സാഹനമായാണ് 1500 രൂപ വില വരുന്ന തേനീച്ച കോളനി സൗജന്യമായി നല്‍കിയത്. പഞ്ചായത്ത് സബ്‌സിഡിയിലാണ് തേനിച്ച കോളനി നല്‍കുന്നത്. ചടങ്ങില്‍ സ്റ്റാര്‍സ് ഡയരക്ടര്‍ ഫാദര്‍ ജോസ് പ്രകാശ് സി.എം.ഐ അധ്യക്ഷത വഹിച്ചു. ഫാദര്‍ ജോജോ സി.എം.ഐ, ജോര്‍ജ് കുമ്പയ്ക്കല്‍, പ്രോജക്ട് മാനേജര്‍ റോബിന്‍ മാത്യു, പ്രോജക്ട് ഓഫിസര്‍ ജോമോന്‍ എന്നിവര്‍ സംസാരിച്ചു.