തലശ്ശേരി: തപസ്സില്‍ നിന്ന് വരുന്ന ധ്യാന മലരുകള്‍ പോലെ ധന്യമാണ് മഹാഗുരുവിന്റെ ജീവിതകഥയെ ആധാരമാക്കി ആനന്ദ തീര്‍ത്ഥരുടെ ശിഷ്യന്‍ ടി.വി വസുമിത്രന്‍ എന്‍ജിനീയര്‍ രചിച്ച ‘ശ്രീ നാരായണ ഗുരുസ്വാമികള്‍ ‘ എന്ന കൃതിയെന്ന് വര്‍ക്കല നാരായണ ഗുരുകുലത്തിലെ ശ്രീമദ് ത്യാഗീശ്വര സ്വാമികള്‍ അഭിപ്രായപ്പെട്ടു. ശ്രീനാരായണ ഗുരുദേവന്റെ ജീവചരിത്രവും മലബാര്‍ സന്ദര്‍ശന ചരിത്രരേഖകളും ഉള്‍ക്കൊള്ളിച്ചുള്ള ഗ്രന്ഥം നവരത്‌ന ഇന്‍ ഓഡിറ്റോറിയത്തില്‍ പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു സ്വാമികള്‍. അജ്ഞത കൊണ്ടും ഇരുള്‍ കൊണ്ടും മാഞ്ഞ് പോയ ഒരു കാലത്തെ പ്രകാശപൂരിതമാക്കിയ ഗുരുവിന്റെ പിറവി തൊട്ട് സമാധി വരെയുള്ള കാലഘട്ടത്തെ സത്യസന്ധമായി അനാവരണം ചെയ്യപ്പെട്ട ഗ്രന്ഥമാണിതെന്ന് ത്യാഗീശ്വരസ്വാമികള്‍ അഭിപ്രായപ്പെട്ടു.
എത്ര ഗ്രന്ഥങ്ങള്‍ പ്രകാശിതമായാലും, ഗുരുവിന്റെ ജീവിതത്തിലെ ആഴവും പരപ്പും ഉള്‍ക്കൊള്ളാനാവില്ലെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച ശിവഗിരി മഠത്തിലെ ശ്രീമദ് ശുഭാംഗാനന്ദ സ്വാമികള്‍ പറഞ്ഞു. ഗുരുവിന്റെ ദാര്‍ശനിക മഹത്വവും, ജീവിത മാഹാത്മ്യവും പഠിക്കാന്‍ ഈ ഗ്രന്ഥത്തിന് സാധിതമാകുമെന്ന് സ്വാമികള്‍ പറഞ്ഞു. ഡോ. ടി.വി വസുമതി പുസ്തകം ഏറ്റുവാങ്ങി. സാഹിത്യകാരന്‍ രാജു കാട്ടുപുനം പുസ്തക പരിചയം നടത്തി. മുതലമട സ്‌നേഹാശ്രമം ആചാര്യന്‍ സ്വാമി സുനില്‍ദാസ് അനുഗ്രഹഭാഷണം നടത്തി. അദ്വൈതാനന്ദ തീര്‍ത്ഥ സ്വാമികള്‍ ( ശിവഗിരി) മുഖ്യഭാഷണം നടത്തി. ഗുരുദേവ ചരിത്രത്തെ മനഃപാഠമാക്കിയ മഹാരഥനാണ് വസുമിത്രന്‍ എന്‍ജിനീയറെന്ന് എസ്.എന്‍.ഡി.പി ദേവസ്വം സെക്രട്ടറി അരയാക്കണ്ടി സന്തോഷ് അഭിപ്രായപ്പെട്ടു. ജ്ഞാനോദയ യോഗം അധ്യക്ഷന്‍ അഡ്വ.കെ.സത്യന്‍, ഡോ. വി. രാമചന്ദ്രന്‍ സംസാരിച്ചു.