ന്യൂഡല്‍ഹി: തിരുവനന്തപുരം വിമാനത്താവളത്തിന്റെ നടത്തിപ്പ് അദാനി ഗ്രൂപ്പിന് നല്‍കിയതിനെ ചോദ്യം ചെയ്ത് സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച ഹരജികള്‍ സുപ്രീം കോടതി തള്ളി. ജസ്റ്റിസുമാരായ യു.യു ലളിത്, ജസ്റ്റിസ് ബേല എം. ത്രിവേദി എന്നിവരുടെ ബെഞ്ചാണ് ഹരജി തള്ളിയത്. വിമാനത്താവള ഭൂമിയുടെ അവകാശവുമായി ബന്ധപ്പെട്ട നിയമനടപടികളുമായി ആവശ്യമെങ്കില്‍ സര്‍ക്കാരിന് മുന്നോട്ടുപോകാമെന്ന് സുപ്രീം കോടതി വ്യക്തമാക്കി.
2020 ഒക്ടോബര്‍ 19ന് കേരള ഹൈക്കോടതിയില്‍ സര്‍ക്കാര്‍ സമര്‍പ്പിച്ച ഹരജി തള്ളിയിരുന്നു. പിന്നീടാണ് സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കിയത്. വിമാനത്താവളത്തിന് ആവശ്യമായ ഭൂമി ഏറ്റെടുത്ത് നല്‍കിയത് തങ്ങളാണെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ വാദിച്ചു. സര്‍ക്കാര്‍ ചെലവാക്കിയ പണം തങ്ങളുടെ ഓഹരിയായി മാറ്റേണ്ടതായിരുന്നുവെന്നും സര്‍ക്കാര്‍ കോടതിയില്‍ വാദിച്ചു.
സംസ്ഥാന സര്‍ക്കാര്‍, തിരുവനന്തപുരം എയര്‍പോര്‍ട്ട് അതോറിറ്റി എംപ്ലോയീസ് യൂണിയന്‍ എന്നിവരാണ് ഹരജി ഫയല്‍ ചെയ്തത്.