കോഴിക്കോട്: അനശ്വര സംഗീത സംവിധായകന്‍ കെ.രാഘവന്‍ മാസ്റ്ററുടെ ഒമ്പതാം ചരമ വാര്‍ഷികത്തോടനുബന്ധിച്ച് സംഗീതമേ ജീവിതം ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ 19ന് ടൗണ്‍ ഹാളില്‍ വൈകുനേരം ആറ് മണിക്ക് ‘ശ്യാമ സുന്ദര പുഷ്പമേ’ ഗാനാഞ്ജലി ഒരുക്കുന്നതായി സംഘാടകര്‍ അറിയിച്ചു. സംഗീതമേ ജീവിതം ഫെയ്‌സ്ബുക്ക് ലൈവ് പരിപാടിയിലൂടെയാണ് ഈ കൂട്ടായ്മക്ക് രൂപമെടുത്തത്. കേന്ദ്ര കോര്‍പറേറ്റ് കാര്യമന്ത്രാലയത്തിന് കീഴില്‍ രജിസ്റ്റര്‍ ചെയ്തതിന് ശേഷം ഇതാദ്യമായി പൊതു പരിപാടി അവതരിപ്പിക്കുകയാണെന്ന് സംഘാടകര്‍ പറഞ്ഞു. സംഗീതവും മറ്റ് കലാരൂപങ്ങളും മൂല്യധിഷ്ഠിത വിദ്യാഭ്യാസത്തിനും സാമൂഹിക നന്മക്കും വേണ്ടി ഉപയോഗപ്പെടുത്തുകയാണ് സംഘടനയുടെ ലക്ഷ്യമെന്ന് ഡയരക്ടര്‍ അബ്ദുല്‍ അസീസ് പറഞ്ഞു.
കെ.രാഘവന്‍ മാസ്റ്ററുടെ ഗാനങ്ങള്‍ കോര്‍ത്തിണക്കിയ ‘ശ്യാമ സുന്ദര പുഷ്പമേ’ യില്‍ അഞ്ച് പതിറ്റാണ്ടു കാലം നീണ്ട സംഗീത ജീവിതത്തില്‍ അദ്ദേഹം പിന്തുടര്‍ന്ന അനുകരണീയ മാതൃകകളെ ഗാനങ്ങളുടെ പശ്ചാത്തലത്തില്‍ കുടുംബം, ശിഷ്യര്‍, സഹയാത്രികര്‍ അനുസ്മരിക്കും. പിന്നണി ഗായകന്‍ വിശ്വനാഥന്‍ (വെള്ളം സിനിമ ഫെയിം ), രാഘവന്‍ മാസ്റ്ററുടെ മകന്‍ ആര്‍.കനകാംബരന്‍ ,കെ. കെ. സാജന്‍, ഗോപകുമാര്‍, തീര്‍ത്ഥ സുരേഷ്, നിസരി സോളോമന്‍, റെയ്സ എന്നിവര്‍ ഗാനങ്ങള്‍ ആലപിക്കും. വാര്‍ത്താ സമ്മേളനത്തില്‍ ഡയരക്ടര്‍ അഡ്വ. അബ്ദുല്‍ അസീസ്, ശ്രീകുമാര്‍ ജി. പുരം, ഗീത ദേവി വാസുദേവന്‍ , ഡയരക്ടര്‍ അഡ്വ. നീലിമ അസീസ് , രേഖ അജിത് എന്നിവര്‍ പങ്കെടുത്തു.