മരുതോങ്കര: ഗ്രാമപഞ്ചായത്ത് സൗത്തില്‍ സ്വന്തമായി കെട്ടിടമില്ലാത്ത കളിവീട് അങ്കണവാടിക്ക് താല്‍ക്കാലിക കെട്ടിടം ഒരുങ്ങുന്നു. നാട്ടുകാരുടെയും പഞ്ചായത്ത് പ്രസിഡന്റിന്റെയും ജനപ്രതിനിധികളുടെയും നേതൃത്വത്തിലാണ് കെട്ടിടം ഒരുങ്ങുന്നത്. ദിവസങ്ങളായി കെട്ടിടത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ തിരക്കിലാണ് ഇവിടുത്തെ പഞ്ചായത്ത് പ്രസിഡന്റ് കെ.സജിത്തും മറ്റ് പഞ്ചായത്ത് ഭരണസമിതി അംഗങ്ങളും. പഞ്ചായത്തിലെ 23 അങ്കണവാടികളില്‍ 22 അങ്കണവാടികള്‍ക്കും സുരക്ഷിതമായ കെട്ടിടമുണ്ട്. 10 വര്‍ഷമായി ഓല ഷെഡില്‍ പ്രവര്‍ത്തിച്ചുവരുന്ന അങ്കണവാടിക്ക് ഓടുമേഞ്ഞ താല്‍ക്കാലിക കെട്ടിടമാണ് ഒരുക്കുന്നത്. പ്രദേശത്തെ 22 ഓളം കുട്ടികളാണ് ഇവിടെ പഠിക്കുന്നത്.
നാട്ടുകാരുടെ നേതൃത്വത്തിലുള്ള നിര്‍മാണ കമ്മിറ്റി ഇരുമ്പുകാലില്‍ ഓടിട്ട മേല്‍ക്കൂര ഒരുക്കി. തുടര്‍ന്ന് ഭിത്തി കെട്ടാനാണ് പഞ്ചായത്ത് പ്രസിഡന്റ് സജിത്തും മറ്റ് പഞ്ചായത്ത് അംഗങ്ങളും എത്തിയത്. പ്രസിഡന്റ് ആവുന്നതിന് മുന്‍പ് ഏറെക്കാലം നിര്‍മാണ മേഖലയില്‍ തൊഴിലാളിയായിരുന്നു സജിത്ത്. ജലസേചന വകുപ്പിന്റെ സ്ഥലത്താണ് നിലവില്‍ അങ്കണവാടി പ്രവര്‍ത്തിക്കുന്നത്. വകുപ്പില്‍ നിന്ന് സ്ഥലം വിട്ടു കിട്ടുന്നതിനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. എല്ലാ സൗകര്യത്തോടും കൂടിയ കോണ്‍ക്രീറ്റ് കെട്ടിടം അധികം വൈകാതെ തന്നെ പണിയാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് പഞ്ചായത്ത് അധികൃതരും നാട്ടുകാരും.