കോഴിക്കോട്: അന്ധവിശ്വാസമില്ലാത്ത, വിശ്വാസമുള്ള ദൃഢമായ ഒരു സമൂഹത്തെ വളര്‍ത്തിയെടുക്കാന്‍ നമുക്ക് സാധിക്കണമെന്ന് ഗൂഡല്ലൂര്‍ ചിന്താമണി വാഗ്വീശ്വരി ക്ഷേത്രത്തിലെ സ്വാമിനി ശ്രീമാതാഅംബിക ചൈതന്യമയി പറഞ്ഞു. സനാതന പരിപാലന സംഘത്തിന്റേയും ഭാരതീയ തിയ്യ സഭയുടെയും സംയുക്താഭിമുഖ്യത്തില്‍ നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു സ്വാമിനി. യഥാര്‍ത്ഥ ഭക്തിയുടെ വഴിയിലൂടെ സഞ്ചരിക്കാതിരിക്കുമ്പോഴാണ് അനാചാരം കടന്നുവരുന്നത്. ഇതിനെ യാണ് സങ്കുചിത താല്‍പര്യക്കാര്‍ ഉപയോഗപ്പെടുത്തുന്നത്. ഇതിനെയാണ് നാം തിരിച്ചറിയേണ്ടതും. നരബലി പോലുള്ള അനാചാരങ്ങള്‍ക്കെതിരേ പൊതു സമൂഹം ഉണരണം. ഭക്തി മാര്‍ഗത്തിന് മന്ത്ര ജപം മാത്രമാണ് ഏക മാര്‍ഗം. ഇതിന് ഒരോരുത്തരും അവരവരുടെ വീടുകളില്‍ നിന്നും തുടങ്ങണം. നമ്മുടെ ജീവിതമെന്നത് തന്നെയാണ് മറ്റുള്ളവര്‍ക്ക് കൊടുക്കാന്‍ പറ്റുന്ന ഏറ്റവും വലിയ പ്രസാദമെന്നും സ്വാമിനി പറഞ്ഞു. സ്വാഗത സംഘം ചെയര്‍മാന്‍ രാമസിംഹന്‍ (അലി അക്ബര്‍ ) അധ്യക്ഷത വഹിച്ചു.
രാവിലെ ഒമ്പത് മണിയോടെ ഇന്‍ഡോര്‍ സ്റ്റേഡിയത്തിന് സമീപം സ്വാമിനിയെ സതീശന്‍ കൊല്ലംകണ്ടിയുടെ നേതൃത്വത്തില്‍ ഭക്തര്‍ പൂര്‍ണ്ണ കുംഭം നല്‍കി സ്വീകരിച്ചു. തിയ്യ സഭ ജനറല്‍ സെക്രട്ടറി-റിലേഷ് ബാബു ,ഹിന്ദു പാര്‍ലിമെന്റ് ജന. സെക്രട്ടറി സുഗതന്‍ , സുരേഷ് നിലമ്പൂര്‍ , തങ്കമണി ഹരിദാസ് , സി. കെ സാദാനന്ദന്‍കണ്ണൂര്‍, ഭക്തവത്സലന്‍, പ്രജേഷ് തൊടിയില്‍ എന്നിവര്‍ സംസാരിച്ചു. ജനറല്‍ കണ്‍വീനര്‍ സി.പി പ്രേമരാജന്‍ സ്വാഗതവും പൃഥിരാജ് നാറാത്ത് നന്ദിയും പറഞ്ഞു. ഡിസംബര്‍ എട്ടിന് കോഴിക്കോട് വെച്ച് നടക്കുന്ന 1001 ചിന്താമണി ഗണേശ യാഗത്തിന് മുന്നോടിയായാണ് സ്വാമിനിയുടെ സന്ദര്‍ശനമെന്ന് സംഘാടകര്‍ പറഞ്ഞു.