തിരുവനന്തപുരം: കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ് സ്ഥാനാര്‍ഥി തരൂരിനെതിരേ രൂക്ഷവിമര്‍ശനവുമായി കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍. തരൂറിന് സംഘടനാ കാര്യങ്ങളില്‍ പാരമ്പര്യമില്ലെന്നും ഒരു ട്രെയിനി ഒരു ഫാക്ടറിയുടെ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കുന്നത് പോലെയാണ് തരൂര്‍ അധ്യക്ഷ പദവിയിലേക്ക് മത്സരിക്കുന്നതെന്നും അദ്ദേഹം വിമര്‍ശിച്ചു.
തരൂര്‍ നല്ല മനുഷ്യനാണ്. പാണ്ഡിത്യമുള്ള വ്യക്തിയാണ്. എന്നാല്‍, സംഘടനാ കാര്യങ്ങളില്‍ തരൂറിന് പാരമ്പര്യമില്ല. ഞാന്‍ കെ.പി.സി.സി പ്രസിഡന്റായത് പ്രവര്‍ത്തിച്ച് ഉയര്‍ന്നുവന്നതിന് ശേഷമാണ് എന്നും സുധാകരന്‍ പറഞ്ഞു. രാഷ്ട്രീയത്തില്‍ തരൂരിന്റെ അനുഭവപരിചയം വളരെ പരിമിതമാണ്. അദ്ദേഹം ബുദ്ധിമാനും കഴിവുള്ളവനുമാണ്. എന്നാല്‍, പാര്‍ട്ടിയെ നയിക്കാന്‍ ആ ഗുണങ്ങള്‍ മാത്രം പോര. പ്രായം ഒരു ഘടകമല്ല, അനുഭവമാണ് പ്രധാനമെന്നും സുധാകരന്‍ പറഞ്ഞു.