കോഴിക്കോട്: ലഹരി വിരുദ്ധ സന്ദേശവുമായി രാമനാട്ടുകര നഗരസഭയുടെ കൂട്ടയോട്ടം. ലഹരി വിരുദ്ധ ക്യാമ്പയിനിന്റെ ഭാഗമായി സംഘടിപ്പിച്ച കൂട്ടയോട്ടം പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് ഫ്‌ളാഗ് ഓഫ് ചെയ്തു. ഓട്ടത്തില്‍ മന്ത്രിയും ഒപ്പം ചേര്‍ന്നു. ഫാറൂഖ് കോളേജ് രാജാ ഗെയ്റ്റ് മുതല്‍ രാമനാട്ടുകര സുരഭി ജങ്ഷന്‍ വരെ നടന്ന കൂട്ടയോട്ടത്തില്‍ ഇരുനൂറോളം പേരാണ് പങ്കെടുത്തത്. കലാ -സാംസ്‌കാരിക സാമൂഹ്യ സന്നദ്ധ സംഘടനകള്‍, കുടുംബശ്രീ, ആശാവര്‍ക്കര്‍മാര്‍, അങ്കണവാടി ജീവനക്കാര്‍, യുവജന രാഷ്ട്രീയ സംഘടനകള്‍, വിവിധ റസിഡന്‍സ്, വ്യാപാരി പ്രതിനിധികള്‍, വിദ്യാര്‍ഥി സംഘടനകള്‍, തുടങ്ങി എന്‍.എസ്.എസ് വളണ്ടിയര്‍മാരും വിവിധ യൂത്ത് ക്ലബുകളും ഓട്ടത്തില്‍ പങ്കാളികളായി.
നഗരസഭ ചെയര്‍പേഴ്‌സണ്‍ ബുഷറ റഫീഖ് കൂട്ടയോട്ടത്തിന് നേതൃത്വം നല്‍കി. തുടര്‍ന്ന് ഫ്‌ളാഷ് മോബും അരങ്ങേറി. രാമനാട്ടുകര നഗരസഭയുടെ ലഹരി വിരുദ്ധ ക്യാമ്പയിനിന്റെ ഭാഗമായി വിവിധങ്ങളായ പരിപാടികളോടെ നാലുമാസം നീണ്ടു നില്‍ക്കുന്ന ക്യാമ്പയിനാണ് സംഘടിപ്പിക്കുന്നത്. എക്‌സൈസ് നാര്‍ക്കോട്ടിക് വിഭാഗം ഉദ്യോഗസ്ഥര്‍ പങ്കെടുക്കുന്ന ക്യാമ്പുകള്‍, വിദ്യാര്‍ത്ഥി സഭ, ജനസഭ, യുവജന സഭ, ജനകീയ ക്യാമ്പയിനുകള്‍, വിദ്യാലയങ്ങളിലും പൊതു ഇടങ്ങളിലും പ്രചരണ ബോര്‍ഡുകള്‍ സ്ഥാപിക്കല്‍, ആയിരത്തോളം ഓട്ടോറിക്ഷകളില്‍ ലഹരി വിരുദ്ധ സ്റ്റിക്കറുകള്‍ പതിക്കല്‍ എന്നിങ്ങനെ നിരവധി പരിപാടികളാണ് നടപ്പാക്കുക.